Kaumudi Plus

പ്രേംകുമാർ കോൺഗ്രസിലേക്ക്? നിർണായക ചർച്ച ഇന്ന്

Actor Premkumar is reportedly in discussions to join the Congress party

പ്രേംകുമാർ കോൺഗ്രസിലേക്ക്? നിർണായക ചർച്ച ഇന്ന്
X

തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും പ്രമുഖ നടനുമായ പ്രേംകുമാറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്നു.

ഇതിന്റെ ഭാഗമായി കെപിസിസി അംഗം ജെ.എസ്. അഖിൽ ഇന്ന് പ്രേംകുമാറുമായി നിർണായക ചർച്ച നടത്തും. രാത്രി 8 മണിക്ക് പ്രേംകുമാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുക.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചതായി സൂചനകളുണ്ട്. പാർട്ടിയിൽ ചേർന്നാൽ അർഹമായ പരിഗണനയും ഉചിതമായ പദവിയും നൽകുമെന്ന് കെ.സി. വാക്ക് നൽകിയതായാണ് വിവരം. ഇക്കാര്യത്തിലുള്ള തീരുമാനം ഇന്നത്തെ ചർച്ചയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കോൺഗ്രസിലെത്തിയാൽ കാട്ടാക്കട മണ്ഡലത്തിൽ നിന്ന് നിയമസഭാ സ്ഥാനാർഥിയായി പരിഗണിക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡോ കോർപറേഷനോ ചെയർമാൻ പദവിയാണ് പാർട്ടി വാഗ്ദാനമായി നൽകുന്നതെന്നാണ് സൂചന.

എന്നാൽ, പ്രേംകുമാർ പ്രതികരിച്ചത് ഇങ്ങനെ: "ഔദ്യോഗികമായി ആരും എന്നോട് സംസാരിച്ചിട്ടില്ല. ചില നിലപാടുകളിലേക്ക് വരാനുണ്ട്. കോൺഗ്രസിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാവില്ല."

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് കാരണം വ്യക്തമാക്കാതെ ഒഴിവാക്കിയതിനെതിരെ പ്രേംകുമാർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ സിപിഎമ്മിന്റെ തുടർഭരണത്തിനെതിരെ സംസാരിച്ചിട്ടും പദവിയിൽ തുടരുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു. "സച്ചിദാനന്ദനുള്ള എന്തോ സിദ്ധി എനിക്കില്ലാത്തതുകൊണ്ടാണോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം പ്രേംകുമാറിനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ആലോചനകൾ ആരംഭിച്ചത്.

Tags:
Next Story
Share it