Kaumudi Plus

കഴിഞ്ഞ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി;സർക്കാരിന്റെ പ്രോ​ഗ്രസ് കാർഡ് പുറത്തു വിട്ട് മുഖ്യമന്ത്രി

കഴിഞ്ഞ പ്രകടനപത്രികയിലെ  900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി;സർക്കാരിന്റെ പ്രോ​ഗ്രസ് കാർഡ് പുറത്തു വിട്ട് മുഖ്യമന്ത്രി
X

കണ്ണൂർ: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. ബാക്കിയുള്ളവ അന്തിമ ഘട്ടത്തിലാണ്. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകിയത് സർക്കാരിന്റെ പ്രധാന നേട്ടമാണ്. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഡിജിറ്റൽ സർവേ നടപടികളിൽ റവന്യൂ ഉദ്യോഗസ്ഥർ വ്യാപൃതരായതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നത്. അല്ലെങ്കിൽ ആ ലക്ഷ്യം മറികടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

പിഎസ്‌സി വഴി ഏറ്റവും കൂടുതൽ നിയമനം നടത്തിയ സംസ്ഥാനം കേരളമാണ്. മൂന്ന് ലക്ഷത്തിലധികം നിയമനം നടത്തി. അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചു. പഠനം കഴിഞ്ഞ് ജോലി തേടുന്നവർക്ക് കണക്ട് ടു വർക്ക് എന്ന പദ്ധതി തയാറാക്കി. അതുവഴി സാമ്പത്തിക സഹായം നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡിഗ്രി വിദ്യാസം വരെ സൗജന്യമാക്കി. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Next Story
Share it