ഇക്കുറി നിയമസഭയിലേക്ക് 11 വനിതകള്‍; പരാജയം ഏറ്റുവാങ്ങി വനിതാമന്ത്രിമാർ

കൊച്ചി: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകൾ. യുഡിഎഫിൽ നിന്ന് ഒൻപതു പേരും എൽഡിഎഫിൽ നിന്ന് രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിമാരായ മൂന്ന് വനിതകളും വീണ്ടും സഭ കാണാനാകാതെ ദയനീയമായി പരാജയപ്പെട്ടു. വീണാ ജോർജ്, ആർ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് പരാജയപ്പെട്ട വനിതാ മന്ത്രിമാർ.ഇക്കുറി മത്സരിച്ചത് നാൽപ്പത്തിയെട്ട് വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതൽ വനിതകളെ മത്സരിപ്പിച്ചത് എൽഡിഎഫും എൻഡിഎയുമാണ്. പതിനെട്ട് വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് പന്ത്രണ്ട് സ്ഥാനാർഥികളെയും മത്സരത്തിലിറക്കി. മുൻവർഷത്തിലെ പതിനൊന്ന് വനിതാ എംഎൽഎമാർ എന്ന അക്കത്തിൽ തന്നെയാണ് ഇക്കുറിയും തൊട്ടിരിക്കുന്നത്. എൻഡിഎയുടെ പ്രതിനിഥികളായി മത്സരിച്ച വനിതകൾ എണ്ണത്തിൽ കൂടുതലായിരുന്നുവെങ്കിലും ആർക്കും വിജയം നേടാനായില്ല.ചിറയിൻകീഴിൽ രമ്യ ഹരിദാസ്, കൊല്ലത്ത് ബിന്ദു കൃഷ്ണ, അരൂരിൽ ഷാനിമോൾ ഉസ്മാൻ, തൃക്കാക്കരയിൽ ഉമാ തോമസ്, കോങ്ങാട് കെ.എ. തുളസി, എലത്തൂരിൽ വിദ്യാ ബാലകൃഷ്ണൻ, പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ, വടകരയിൽ കെ.കെ. രമ, മാനന്തവാടിയിൽ ഉഷാ വിജയൻ എന്നിവരാണ് വിജയിച്ച യുഡിഫ് വനിതാ സ്ഥാനാർഥികൾ.ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഒഎസ് അംബികയും നാട്ടികയിൽ നിന്ന് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുമാണ് ജയിച്ച രണ്ട് എൽഡിഎഫ് നേതാക്കൾ. 7,093 വോട്ടുകളോടെയാണ് ഗീതയുടെ വിജയം. 13375 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒ.എസ് അംബികയും വിജയിച്ചു.

