Kaumudi Plus

വിജയ്‌യുടെ സ്വത്തുവിവരത്തിൽ 105 കോടിയുടെ വ്യത്യാസം ; ആദായ നികുതി വകുപ്പിന് നോട്ടീസ്

വിജയ്‌യുടെ സ്വത്തുവിവരത്തിൽ  105 കോടിയുടെ വ്യത്യാസം ; ആദായ നികുതി വകുപ്പിന് നോട്ടീസ്
X

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സ്വത്തു വിവരത്തിൽ 105 കോടിയുടെ വ്യത്യാസം വന്നതിൽ പൊരുത്തക്കേടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ആദായ നികുതി വകുപ്പിനോട് വിഷയത്തിൽ കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചു.ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്‌സ് (ഇൻവെസ്റ്റിഗേഷൻ)- നോടാണ് റിപ്പോർട്ട് തേടിയത്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നിൽ 100 കോടി രൂപ വെളിപ്പെടുത്താത്തത് ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ചെന്നൈയിലെ പെരമ്പൂർ നിയോജകമണ്ഡലത്തിലെ വോട്ടറായ വി വിഘ്നേഷ് സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് ജി അരുൾ മുരുഗനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ആദായ നികുതി വകുപ്പിന് പുറമെ, പെരമ്പൂർ, തിരുച്ചിറപ്പള്ളി മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാരോടാണ് വിശദീകരണം തേടിയത്.പെരമ്പൂരിൽ നൽകിയ രേഖകളിൽ വിജയിന് 115 കോടിയുടെ സ്വത്താണുള്ളത്. എന്നാൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നൽകിയ രേഖയിൽ 220 കോടിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർത്ഥിയുടെ സ്വത്തുക്കളുടെ ശരിയായ വിവരങ്ങൾ അറിയാനുള്ള മൗലികാവകാശം വോട്ടറായ തനിക്കുണ്ടെന്നും, അതിനാൽ പോളിങ് ദിവസമായ ഏപ്രിൽ 23 ന് മുമ്പ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Next Story
Share it