Kaumudi Plus

ഉദ്ധവ് താക്കറെ പക്ഷ എംപിമാരുടെ ഫോണുകൾ സ്വിച്ച്ഓഫ്, ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഉദ്ധവ്  താക്കറെ പക്ഷ എംപിമാരുടെ ഫോണുകൾ  സ്വിച്ച്ഓഫ്, ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?
X

ന്യൂഡൽഹി: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിൽ പുതിയ പ്രതിസന്ധി രൂപപ്പെടുന്നു . ഏതാനും എംപിമാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏഴ് എംപിമാർ ഷിൻഡെ വിഭാഗവുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.പാർട്ടിയിലെ ചില എംപിമാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും, അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം. 2022ൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന കലാപമാണ് ശിവസേനയെ രണ്ടായി പിളർത്തിയത്. അന്ന് നിരവധി എംഎൽഎമാർ ഉദ്ധവ് താക്കറെയെ വിട്ട് ഷിൻഡെയോടൊപ്പം ചേർന്നു. അതോടെ ഉദ്ധവ് സർക്കാർ വീഴുകയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അധികാരസമവാക്യം പൂർണമായി മാറുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനും ശിവസേനയുടെ യഥാർത്ഥ പാർട്ടി അംഗീകാരം ഷിൻഡെ വിഭാഗത്തിന് നൽകിയിരുന്നു.

ഇപ്പോൾ സമാനമായ മറ്റൊരു പ്രതിസന്ധി പാർലമെന്ററി തലത്തിൽ ഉയരുകയാണോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ലോക്‌സഭയിൽ ഒമ്പത് എംപിമാരാണുള്ളത്. ഇതിൽ കുറഞ്ഞത് ഏഴ് പേർ ഒന്നിച്ച് പാളയം മാറിയാൽ പാർട്ടി ഘടനയിൽ നിർണായക മാറ്റം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഉദ്ധവ് താക്കറെയും മുതിർന്ന നേതാക്കളും എംപിമാരെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചില എംപിമാർ ഫോണിൽ ലഭ്യമല്ലാത്തത് പാർട്ടി ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.അതേസമയം പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. പാർട്ടി പിളരില്ലെന്നും, ആവശ്യമായ മൂന്നിൽ രണ്ട് പിന്തുണ വിമതർക്ക് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എംപിമാർക്ക് എൻഡിഎ വൻ സാമ്പത്തിക വാഗ്ദാനങ്ങൾ നൽകിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ച ഉദ്ധവ് വിഭാഗം നേതാവ് അരവിന്ദ് സാവന്ത്, കക്ഷിമാറ്റ നിയമപ്രകാരം ഒരു വിഭാഗം മാത്രം തീരുമാനമെടുക്കുന്നതുകൊണ്ട് മതിയാകില്ലെന്നും, യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരം ആവശ്യമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിമത എംപിമാർ ഷിൻഡെയുമായി ഔദ്യോഗികമായി കൈകോർക്കുമോ, അതോ ഇത് സമ്മർദ്ദ രാഷ്ട്രീയത്തിന്റെ ഭാഗമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്ത മണിക്കൂറുകളിൽ വ്യക്തമായേക്കും. 2022ലെ വിമത നീക്കത്തിന് ശേഷം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പുതിയ സംഭവവികാസങ്ങൾ മാറുമോ എന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന ചർച്ച.

Next Story
Share it