നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലൻ ആയി അഭിനയിക്കുന്നത്;ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആശാൻ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നു. ജോൺപോൾ ജോർജ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശാന്റെ ട്രെയ്‌ലറിനും മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്‍ലർ ലോഞ്ച് ചടങ്ങിൽ നടൻ മമ്മൂട്ടിയും എത്തിയിരുന്നു.
ഇപ്പോഴിതാ ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. കുട്ടന്റെ ഷിനിഗാമി എന്നൊരു സിനിമയുണ്ട്. എത്ര പേർ അത് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാ പെർഫോമൻസ് ആണ് ഇയാൾ നടത്തിയിരിക്കുന്നത്. അന്തം വിട്ടുപോയി.
നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലൻ ആയി അഭിനയിക്കുന്നത്. അതും സ്യൂട്ട് ഒക്കെ ഇട്ട്. നല്ല സിനിമയാണത്. ജാഫർ ഇടുക്കിയും ഇന്ദ്രൻസും ഞാനോ നീയോ എന്ന രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.- മമ്മൂട്ടി പറഞ്ഞു. ഫാന്റസി ഇൻവസ്റ്റിഗേഷൻ ഴോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്ത ചിത്രമാണ് കുട്ടന്റെ ഷിനിഗാമി. ഒരു കാലനും ആത്മാവും നടത്തുന്ന ഇൻവസ്റ്റിഗേഷനായിരുന്നു ചിത്രം പറഞ്ഞത്.ഷിനിഗാമി ഒരു ജപ്പാൻ വാക്കാണ്. കാലൻ എന്നാണ് ജപ്പാനിൽ ഈ വാക്കിന്റെ അർഥം. കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും ചിത്രത്തിലെത്തുന്നു. അതേസമയം ഇന്ദ്രൻസ് നായകനായി എത്തുന്ന ആശാൻ ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങും.


