Kaumudi Plus

റിലീസ് പ്രതിസന്ധിയില്‍ കുടുങ്ങിയ വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്നു

റിലീസ് പ്രതിസന്ധിയില്‍ കുടുങ്ങിയ വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്നു
X

റിലീസ് പ്രതിസന്ധിയിൽ കുടുങ്ങി കിടക്കുന്ന വിജയ് ചിത്രം ജനനായകൻ ചോർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ചിത്രം പുറത്തായിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്ന് മണിക്കൂർ നീളമുള്ള പതിപ്പാണ് കട്ടുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇൻട്രോ, ക്ലൈാമാക്‌സ് ഉൾപ്പടെയുള്ള രംഗങ്ങളാണ് ലീക്കായിരിക്കുന്നത്. ചിത്രത്തിലെ ദളപതി കച്ചേരി എന്ന പാട്ടും പുറത്തായിട്ടുണ്ട്. ഇതിന് പുറമെ ചില താരങ്ങളുടെ കാമിയോ രംഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇൻട്രോ അടക്കമുള്ള ആദ്യത്തെ അഞ്ച് മിനുറ്റായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നാലെ സിനിമ മൊത്തം കട്ടുകളായി ലീക്കാവുകയായിരുന്നു.ഇതിനോടകം തന്നെ ആയിരക്കണക്കിനാളുകളാണ് ലീക്കായ വിഡിയോകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം എഡിറ്റിങ് ടേബിളിൽ നിന്നാണ് സിനിമ ലീക്കായത്. നിർമാതാക്കളുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. അതേസമയം ചിത്രം സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.ചിത്രം ലീക്കായതിനെതിരെ വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയെന്ന നിലയിൽ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ജനനായകൻ. ജനുവരി 9 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. എന്നാൽ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാതെ വന്നതോടെ റിലീസ് നീണ്ടു പോവുകയായിരുന്നു.

റിലീസ് എപ്പോഴെന്ന് വ്യക്തതയില്ലാതിരിക്കെ ചിത്രം ലീക്കായത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിന് നൽകുമോ എന്ന സംശയവും ഉയർന്നു വന്നിട്ടുണ്ട്. വിജയ്‌ക്കൊപ്പം മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജനനായകൻ. പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Next Story
Share it