പ്രശ്നം തുടങ്ങുന്നത് വീട്ടിൽനിന്ന് ;ഇന്ത്യയിലെ ബലാത്സംഗകേസുകളെ കുറിച്ച് താപ്‍സി പന്നു

ബോളിവുഡ് താരങ്ങളിലെ ഉറച്ച ശബ്ദമാണ് താപ്‌സി പന്നു. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദറോ ഇല്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. ഓൺ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും താപ്‌സി ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.സിനിമയ്ക്ക് അകത്തെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പോലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും തന്റെ നിലപാടുകൾ മറയില്ലാതെ പങ്കുവെക്കുന്ന താരമാണ് താപ്‌സി പന്നു. ഇതിന്റെ പേരിൽ താപ്‌സിയ്ക്ക് പലപ്പോഴും ഓൺലൈനിലും ഓഫ് ലൈനിലും അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ താപ്‌സി തന്റെ നിലപാടുകളിൽ നിന്നും പിന്നോട്ട് പോകാറില്ല.ഇപ്പോഴിതാ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകളെക്കുറിച്ച് നടി താപ്‌സി പന്നു നടത്തിയ പരാമർശങ്ങൾ വലിയതരത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് .
ഈ ഗൗരവതരമായ പ്രശ്നത്തിന്റെ വേരുകൾ നമ്മുടെ വീടുകളിൽ നിന്നാണ് തുടങ്ങുന്നതെന്ന് അവർ പറഞ്ഞു . "എങ്ങനെയാണ് ഒരു പത്ത് വയസ്സുകാരന് ബലാത്സംഗത്തെക്കുറിച്ച് ധാരണ ലഭിക്കുന്നത്? അവൻ വീട്ടിൽ വെച്ച് എന്തെങ്കിലും കണ്ടിട്ടുണ്ടാകാം," അവർ നിരീക്ഷിച്ചു. ഇന്റർനെറ്റിലൂടെയോ വീടിനുള്ളിൽ നിന്നോ കുട്ടികൾക്ക് ലഭിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നും, കേവലം ശിക്ഷകൾക്ക് അപ്പുറം മാതാപിതാക്കളുടെ ഉത്തരവാദിത്തവും ശരിയായ വിദ്യാഭ്യാസവും ഇത്തരം പ്രവണതകൾ തടയാൻ അത്യാവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.ബലാത്സംഗം എന്നത് കേവലം സ്ത്രീകളുടെ മാത്രം പ്രശ്നമല്ലെന്നും താപ്‌സി വ്യക്തമാക്കി. പുരുഷന്മാർകൂടി ഇത്തരം ചർച്ചകളിൽ സജീവമായി പങ്കാളികളാകണം. പരസ്പര ബഹുമാനം ,സമ്മതം, അവബോധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഗൗരവകരമായ സംവാദങ്ങൾ ഉണ്ടാകണം. ഈ പോരാട്ടത്തിൽ കൂട്ടായ ഉത്തരവാദിത്തം ആവശ്യമാണെന്നും അവർ പറഞ്ഞു .

