നിങ്ങളുടെ സ്നേഹം നിറഞ്ഞ സ്വീകരണത്തിന് നന്ദി. എല്ലാവരോടും നന്ദി; ഭാവന

ഭാവന നായികയായെത്തുന്ന പുതിയ ചിത്രമാണ് അനോമി. ചിത്രത്തിന്റെ ടീസർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
റഹ്മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാവനയെത്തുന്നത്. ജനുവരി 30 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
അനോമിയുടെ പ്രൊമോഷന്റെ ഭാഗമായി ഫിസാറ്റ് കോളജിൽ ഭാവനയും എത്തിയിരുന്നു.
പ്രൊമോഷൻ വേദിയിൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"കുറേ നാളുകൾക്കു ശേഷമാണ് ഒരു പൊതുവേദിയിൽ ഞാൻ വരുന്നത്. അതിന്റെ ചെറിയ ഉത്കണ്ഠയുണ്ടായിരുന്നു.
പക്ഷേ നിങ്ങളുടെ സ്നേഹം നിറഞ്ഞ സ്വീകരണത്തിന് നന്ദി.
എല്ലാവരോടും നന്ദി. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് അനോമി ഉറപ്പായും ഇഷ്ടപ്പെടും.
സ്ട്രെയ്ഞ്ചർ തിങ്സ് ഇഷ്ടപ്പെടുന്നവർക്ക് അനോമിയും ഇഷ്ടപ്പെടും, അനോമിയിലും ചെറിയൊരു സയൻസ്- ഫിക്ഷൻ എലമെന്റ് ഉണ്ട്.
ഒരു നല്ല തിയറ്റർ എക്സ്പീരിയൻസ് ആകും ചിത്രം".- ഭാവന പറഞ്ഞു.
അതേസമയം ഭാവനയുടെ കരിയറിലെ 90-ാമത്തെ ചിത്രമായിരിക്കും അനോമി. റിയാസ് മറാത്ത് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
അനോമി- മരണത്തിന്റെ സമവാക്യം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി.

