തമിഴ് സൂപ്പര്‍ താരം അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം .വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ചെന്നൈ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യ കർമങ്ങൾ നടക്കുക. നിലവിൽ ദുബായിലുള്ള അജിത് അമ്മയുടെ വിയോഗത്തെ തുടർന്ന് ചെന്നൈയിലേക്ക് മടങ്ങിയിട്ടുണ്ട്.അജിത്തിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് എത്തുന്നത്.
നടൻ കമൽ ഹാസൻ, മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയവർ സോഷ്യൽ മീഡിയിയലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. തനിക്ക് ജീവൻ നൽകുകയും താൻ വലിയ ഉയരങ്ങൾ കൈവരിക്കുന്നത് കാണുന്നതിൽ സന്തോഷിക്കുകയും ചെയ്ത അമ്മയുടെ വിയോഗത്തിൽ വേദനിക്കുന്ന അജിത് കുമാറിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്.
രണ്ട് വർഷം മുമ്പായിരുന്നു അജിത്തിന്റെ അച്ഛൻ സുബ്രഹ്മണി മരണപ്പെടുന്നത്. ഈ വിയോഗത്തിന്റെ വേദനയിൽ നിന്നും തിരിച്ചുവരുന്നതിനിടെയാണ് അജിത്തിന് അമ്മയേയും നഷ്ടമാകുന്നത്. അനിൽ കുമാർ, അനൂപ് കുമാർ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങൾ.അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത അജിത് കുമാർ റേസിങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയമാണിത്. അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ്.

