ശ്രീനിവാസന് വിട: പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ മോഹൻലാൽ എത്തി
Superstars Mohanlal and Mammootty pay tribute to veteran actor Sreenivasan

കൊച്ചി: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖപ്രതിഭയായ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ശ്രീനിവാസൻ (69) അന്തരിച്ചു.
ഡയാലിസിസിനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെ മരണം സ്ഥിരീകരിച്ചു.
ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അദ്ദേഹം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
പ്രിയ സുഹൃത്തിന്റെ ഭൗതികശരീരം അവസാനമായി ദർശിക്കാൻ സൂപ്പർതാരം മോഹൻലാൽ എത്തി. എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിന് മുന്നിൽ മമ്മൂട്ടി, സത്യൻ അന്തിക്കാട്, ദിലീപ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺ ഹാളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1 മുതൽ 3 വരെ ടൗൺ ഹാളിൽ പൊതുദർശനം. നാളെ (ഡിസംബർ 21) രാവിലെ 10 മണിക്ക് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
1956 ഏപ്രിൽ 6ന് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യത്ത് ജനിച്ച ശ്രീനിവാസൻ ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടി. 1977ൽ പി.എ. ബക്കറിന്റെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. 200ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ തുടങ്ങിയ സംവിധായകരുമായി ചേർന്ന് നിർമിച്ച ചിത്രങ്ങൾ മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിച്ചു.
'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങൾ സ്വന്തമായി സംവിധാനം ചെയ്തു.
'സന്ദേശം', 'നാടോടിക്കാറ്റ്', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'വരവേൽപ്പ്', 'മഴയെത്തും മുൻപെ' തുടങ്ങിയവയ്ക്ക് തിരക്കഥ രചിച്ചു.
അഞ്ച്സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.
സാധാരണക്കാരന്റെ ജീവിതം നർമത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, നടൻ, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (നടൻ, സംവിധായകൻ).

