സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ഹാസനും ഒരുമിക്കുന്നു ;സംവിധാനം നെല്‍സണ്‍

സൂപ്പർ സ്റ്റാർ രജനികാന്തും ഉലകനായകൻ കമൽഹാസനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. 47 വർഷത്തിന് ശേഷം ഇന്ത്യൻ സിനിമയിലെ രണ്ട് അതികായന്മാർ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. നെൽസൺ തന്നെയാണ് തിരക്കഥയും. അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്.
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ഹൈപ്പ് വാനോളം ഉയർത്തുന്നതാണ് ഗ്ലിംപ്‌സ് വിഡിയോ. നെൽസൺ സിനിമകളുടെ പ്രൊമോ വിഡിയോകളുടെ പതിവ് ശൈലിയിലുള്ള ഗ്ലിംപ്‌സിൽ 80സ് വൈബിലാണ് രജനിയും കമലുമെത്തുന്നത്. ഇരുവരുടേയും സ്വാഗും സ്റ്റൈലുമൊക്കെ രസകരമായാണ് വിഡിയോയിൽ കോർത്തിണക്കിയിരിക്കുന്നത്.രജിനിയ്ക്കും കമലിനുമൊപ്പം നെൽസണും അനിരുദ്ധും വിഡിയോയിലുണ്ട്.
ഇരുവരും തമ്മിലുള്ള മത്സരം കാണിച്ചു കൊണ്ട് തുടങ്ങി ഒരുമിച്ചുള്ള കാർ യാത്രയിലേക്ക് കടക്കുന്നതാണ് വിഡിയോ. അവസാനിക്കുന്നതാകട്ടെ, ആരാണ് ഹീറോ എന്ന് രജനിയും കമലും നെൽസണോട് ചോദിക്കുന്നതിടത്താണ്. നെൽസൺ ഉത്തരം നൽകുന്നതിന് മുമ്പേ വിഡിയോ അവസാനിക്കുന്നു. ഇതോടെ ആരാധകരുടെ ആകാംഷ വാനോളം ഉയർന്നിരിക്കുകയാണ്.
ഇന്ത്യൻ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. തൽക്കാലം 'KHxRK' എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രവി മേനോൻ ആണ് സിനിമയുടെ ഛായാഗ്രഹണം. ആർ നിർമൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. രാജ് കമൽ ഫിലിംസും റെഡ് ജയന്റും ചേർന്നാണ് നിർമാണം. 2027 പൊങ്കലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.

