'ദൃശ്യം 3' സിനിമയുടെ ആഗോള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും

ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ സിനിമാ ഏറ്റെടുക്കൽ മലയാളത്തിൽ നിന്നും. ലോകം മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' ൻറെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കി.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന 'ദൃശ്യം 3' ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
പനോരമ സ്റ്റുഡിയോസിനെ സംബന്ധിച്ചിടത്തോളം, ഈ ഏറ്റെടുക്കൽ ഏറെ വൈകാരികവും അതിപ്രാധാന്യവുമുള്ളതാണെന്ന് പനോരമ സ്റ്റുഡിയോസിൻറെ ചെയർമാൻ കുമാർ മംഗത് പതക് പറഞ്ഞു, "എനിക്ക് ദൃശ്യം ഒരു സിനിമയെന്നതിനേക്കാൾ അപ്പുറത്താണ്.
ഇന്ത്യൻ സിനിമയ്ക്ക് ഇത് ഒരു സ്വയം പരിവർത്തന യാത്രയാണ്. യഥാർത്ഥ മലയാള ഫ്രാഞ്ചൈസിയുടെ ലോകമെമ്പാടുമുള്ള ഈ അവകാശങ്ങൾ നേടിയെടുക്കുന്നത് ഞങ്ങൾക്ക് അഭിമാനകരവും വൈകാരികവുമായ ഒരു നിമിഷമാണ്.
ഞങ്ങളുടെ ആഗോള വിതരണ മേഖലയിലുള്ള ആധിപത്യം ഉപയോഗിച്ച്, ദൃശ്യം 3 നെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസുകളിൽ ഒന്നാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു", അദ്ദേഹം വ്യക്തമാക്കി.
ഈ ഏറ്റെടുക്കലിൽ ഏറെ ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് പെൻ സ്റ്റുഡിയോസ് ഡയറക്ടർ ഡോ. ജയന്തിലാൽ ഗഡ പറഞ്ഞു, "ദൃശ്യം 3 യിലൂടെ, അസാധാരണമായ ഇന്ത്യൻ കഥകളെ ലോകത്തിന് മുന്നിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ദൗത്യം ഞങ്ങൾ തുടരുന്നു.
പനോരമ സ്റ്റുഡിയോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ വിഷൻ ശക്തിപ്പെടുത്തുകയും സിനിമ യഥാർത്ഥത്തിൽ അർഹിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ്", അദ്ദേഹം പറഞ്ഞു.
"പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോയും ഒന്നിക്കുന്നതോടെ, മലയാളത്തിൻറെ സ്വന്തം ദൃശ്യം 3 ഇപ്പോൾ അർഹിക്കുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ഇത്രയും പിന്തുണയോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും ദൃശ്യം 3 മുന്നോട്ട് പോകുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ്" എന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.
"ജോർജ്ജ്കുട്ടി വർഷങ്ങളായി എൻറെ ചിന്തകളിലും, പ്രേക്ഷകരുടെ വികാരങ്ങളിലും, വരികൾക്കിടയിലെ നിശബ്‍ദതയിലും എന്നോടൊപ്പം ഉണ്ടായിരുന്നു.
അദ്ദേഹത്തിലേക്ക് മടങ്ങുന്നത് പുതിയ രഹസ്യങ്ങളുമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് പോലെയാണ്. അദ്ദേഹത്തിൻറെ അടുത്ത യാത്ര എവിടേക്ക് നയിക്കുന്നു എന്ന് പ്രേക്ഷകർ കാണുന്നതിൽ ഏറെ ആവേശത്തിലാണ്." നടൻ മോഹൻലാൽ പറഞ്ഞു.
"ദൃശ്യം പോലുള്ള കഥകൾ അവസാനിക്കുന്നില്ല - അവ വികസിച്ചുകൊണ്ടിരിക്കും. ഈ സംയുക്ത പങ്കാളിത്തം മുന്നോട്ടുള്ള യാത്രയ്ക്കുള്ള ശരിയായ ചുവടുവയ്പ്പായി തോന്നുന്നു.
ഈ കഥ ഒരു ആഗോള വേദിക്ക് അർഹമാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോൾ, ഈ സഹകരണത്തോടെ, ജോർജ്ജ്കുട്ടിയുടെ അടുത്ത നീക്കത്തിന് ലോകം ഒടുവിൽ തയ്യാറായിക്കഴിഞ്ഞതായി തോന്നുന്നു," സംവിധായകൻ ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

