Kaumudi Plus

'മൈക്കലി'നെക്കുറിച്ച് മനസ്സ്തുറന്ന് ജാഫർ ജാക്സൺ

മൈക്കലിനെക്കുറിച്ച് മനസ്സ്തുറന്ന്  ജാഫർ ജാക്സൺ
X

ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് 'മൈക്കൽ'. പോപ് ഇതിഹാസം ആയിരുന്ന മൈക്കൽ ജാക്സന്റെ ബയോപിക് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മൈക്കൽ ജാക്സന്റെ അനന്തരവൻ കൂടിയായ ജാഫർ ജാക്സൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.29 കാരനായ ജാഫറിന്റെ സിനിമാ അരങ്ങേറ്റം കൂടിയായിരുന്നു മൈക്കൽ. ജാഫർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ തനിക്കേറ്റവും ചലഞ്ചിങ് ആയി തോന്നിയത് കറങ്ങുന്ന സ്റ്റെപ് ചെയ്യാനായിരുന്നുവെന്ന് പറയുകയാണ് ജാഫർ.

"എനിക്ക് എല്ലാം വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൈക്കലിൽ നിന്ന് ഞാൻ പഠിച്ച ഒരു കാര്യം അതാണ്. ഒരു ശാസ്ത്രജ്ഞനെപ്പോലെ അദ്ദേഹം എല്ലാം വിശകലനം ചെയ്യുമായിരുന്നു. എനിക്കെപ്പോഴും ഒരു താളബോധമുണ്ടായിരുന്നു. പക്ഷേ മൈക്കലിനെപ്പോലെ നൃത്തം ചെയ്യാൻ എനിക്കറിയില്ലായിരുന്നു.അതുകൊണ്ട് ഞാൻ അതെന്റെ സ്വന്തം രീതിയിലും അഭിനയത്തിലും നൃത്തത്തിലും പ്രയോഗിച്ചു. വിശ്വസനീയമായ രീതിയിൽ അത് ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നിങ്ങൾക്ക് മൂൺവാക്ക് ചെയ്യാൻ കഴിയും, പക്ഷേ അത് വിശ്വസനീയമാക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.എനിക്ക് ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് കറങ്ങുന്ന (സ്പിൻ) സ്റ്റെപ് ചെയ്യുമ്പോഴായിരുന്നു. സ്വാഭാവികമായും, ഞാൻ കറങ്ങുമ്പോൾ ബാലൻസ് കിട്ടാനായി വലതു വശത്തേക്ക് കറങ്ങും. പക്ഷേ മൈക്കൽ ഇടതുവശത്തേക്കാണ് കറങ്ങുന്നത്. ഷൂട്ട് തുടങ്ങുന്നതിന് ഏകദേശം രണ്ട് മാസം മുൻപാണ് ഞാനത് സ്ഥിരമായി ചെയ്ത് തുടങ്ങിയത്.അതിനായി മൂന്ന് വർഷത്തോളം ഞാൻ അത് പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നു. ആളുകൾ വിചാരിക്കും അത് ഭയങ്കര എളുപ്പമാണെന്ന്, പക്ഷേ അത് വളരെ സങ്കീർണ്ണമായിരുന്നു. വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്താണ് ഞാനത് പഠിച്ചത്. പിന്നെ അത് എനിക്കൊരു ആസക്തിയായി മാറി".- ജാഫർ പറഞ്ഞു.

Next Story
Share it