എനിക്ക് മുഖ്യമന്ത്രിയാക്കണം , 10 വർഷം കഴിഞ്ഞ് നോക്കിക്കോ'; തൃഷയുടെ മുഖ്യമന്ത്രി ഡയലോഗും തമിഴ്നാട് രാഷ്ട്രീയവും ചർച്ചയാകുന്നു

തെന്നിന്ത്യയൊട്ടാകെ വിജയ്‌യും തൃഷയും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് . തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പുകളിൽ സജീവമായിരിക്കുകാണ് ഇപ്പോൾ വിജയ്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വിജയ്‌ക്ക് ആശംസകൾ അറിയിക്കാൻ തൃഷ നേരിട്ടെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ തൃഷ 2004 ൽ നൽകിയ ഒരു പഴയ അഭിമുഖമാണ് വൈറലായി മാറുന്നത്.തനിക്ക് മുഖ്യമന്ത്രിയാകണം എന്നാണ് വിഡിയോയിൽ തൃഷ പറയുന്നത്. 'മോഡലിങ്ങിലൂടെ സിനിമയിലെത്തി. ഇനി എന്താകണം' എന്നാണ് അവതാരകൻ തൃഷയോട് ചോദിക്കുന്നത്. അതിന് തൃഷ നൽകിയ മറുപടി മുഖ്യമന്ത്രിയാകണം എന്നാണ്. സത്യമാണോ ഈ പറയുന്നതെന്ന് ചോദിച്ചപ്പോൾ അടുത്ത പത്ത് വർഷം കഴിഞ്ഞ് നോക്കിക്കോ എന്ന് ആത്മവിശ്വാസത്തോടെ പറയുന്നുണ്ട് തൃഷ.
നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. തൃഷയുടെ റോൾ മോഡൽ ജയലളിതയാണെന്നും അവരെപ്പോലെ തന്നെ മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം തൃഷയുടെ മനസിൽ ഉണ്ടായേക്കാമെന്ന് ചിലർ പറയുന്നു.മകളെ മുഖ്യമന്ത്രിയാക്കുക എന്നത് തൃഷയുടെ അമ്മയുടെ ആഗ്രഹം മാത്രമാണെന്നും ചിലർ പറയുന്നു. അതേസമയം തൃഷ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. തൃഷ പാർട്ടിയിൽ ചേരുന്നതിനും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ടിവികെ നേതാക്കൾക്ക് താല്പര്യമുണ്ടെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് ചെന്നൈയിലെ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയിച്ചിരുന്നു. നിയമപ്രകാരം, അദ്ദേഹത്തിന് രണ്ട് സീറ്റുകളും നിലനിർത്താൻ കഴിയില്ല. അതിനാൽ, 14 ദിവസത്തിനുള്ളിൽ ഒരെണ്ണത്തിൽ നിന്ന് രാജിവെക്കണം. ഇതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. എന്തായാലും വിജയ്ക്ക് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് സിനിമാ പ്രേക്ഷകർ.

