ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാഷണല്‍ അവാര്‍ഡ് വാങ്ങിയ ഹീറോ;ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

നടൻ ഇന്ദ്രൻസിനെക്കുറിച്ച് തമിഴ് സൂപ്പർ താരം സൂര്യ പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്. തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് സൂര്യ ഇന്ദ്രൻസിനെക്കുറിച്ച് വാചാലനായത്.'ഇന്ദ്രൻസ് സാറിനോടും ഞാൻ നന്ദി പറയുകയാണ്. ഞാൻ നാഷണൽ അവാർഡ് വാങ്ങിയപ്പോൾ അദ്ദേഹവും നാഷണൽ അവാർഡ് വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കരിയർ നോക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. ഏറെക്കാലം അവരെ വച്ച് ബോഡി ഷെയ്മിങ് ആയിരുന്നു ചെയ്തിരുന്നത്. പിന്നീട് ക്യാരക്ടറുകൾ മാറി. ഇപ്പോൾ യൂട്യൂബിൽ ഇന്ദ്രൻസ് ആക്ടിങ് എന്ന് തെരഞ്ഞ് നോക്കിയാൽ ഓരോ സിനിമയിലും ഓരോ രൂപത്തിൽ വരും. ആളെ കണ്ടാൽ വിശ്വസിക്കാനാകില്ല'' സൂര്യ പറയുന്നു.''അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് പറയണമെന്ന് തോന്നുന്നു. ഒരു തുന്നൽക്കാരനായി തുടങ്ങി, കോസ്റ്റിയുമറായി തുടങ്ങി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ നാഷണൽ അവാർഡ് വാങ്ങുന്ന ഹീറോ ആയിരിക്കുകയാണ്. അവർ നാലാം ക്ലാസ് വരെയെ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ പോയി ഏഴാം ക്ലാസ് പരീക്ഷയെഴുതി വന്നിരിക്കുകയാണ്. സ്വപ്‌നങ്ങൾക്ക് എക്‌സ്‌പൈറി ഡേറ്റില്ല. ഒരു സ്വപ്‌നമുണ്ടെങ്കിൽ അത് നടക്കുമെന്ന് അവരെ കണ്ടപ്പോഴാണ് പഠിച്ചത്'' സൂര്യ പറയുന്നു.സൂര്യ നായകനായ കറുപ്പിൽ ഇന്ദ്രൻസുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആർജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലേയും തമിഴിലേയും മുൻനിര താരങ്ങൾ ചിത്രത്തിലുണ്ട്. മെയ് 14ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

