രാം ചരണിന് കൈ കൊടുത്ത് ഹാഷിര്‍; വൈറലായി ചിത്രങ്ങള്‍

സോഷ്യൽ മീഡിയ താരങ്ങളെ വച്ചൊരുക്കിയ വാഴ 2 വൻ വിജയമായി മാറിയിരിക്കുകയാണ്. ഏപ്രിൽ രണ്ടിന് തിയേറ്ററിലെത്തിയ ചിത്രം 200 കോടി ക്ലബ്ബിലെത്തുകയും മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചിത്രമിപ്പോൾ.മലയാളത്തിൽ വൻ വിജയം നേടിയതിന് പിന്നാലെ വാഴ 2 തെലുങ്കിലേക്കുമെത്തുകയാണ്. ഇതിന്റെ ഭാഗമായി വാഴ 2 ടീം കഴിഞ്ഞ ദിവസം ഹൈദരബാദിലെത്തിയിരുന്നു. വലിയ പരിപാടിയിലൂടെയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തതും. ഇതിനിടെ തെലുങ്ക് സൂപ്പർ താരം രാം ചരണിനൊപ്പമുള്ള വാഴ 2 ടീമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.പോയി പോയി ഇതെവിടെ വരെ എത്തിയെന്നാണ് ഹാഷിറിനോടും സംഘത്തോടും സോഷ്യൽ മീഡിയ ചോദിക്കുന്നത്. രണ്ട് മാസം മുമ്പ് വരെ റീൽ കണ്ടിരുന്ന പിള്ളേരുടെ റേഞ്ച് മാറിയ മാറ്റം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് മലയാളികൾ. രാം ചരണിനെ കാണാനെത്തിയവരിൽ ഹാഷിർ, അലൻ, വിനായക്, അജിൻ, ദേവരാജ്, എയ്ഞ്ചൽ മരിയ എന്നിവരും സംവിധായകൻ സവിൻ സായും നിർമാതാവും തിരക്കഥാകൃത്തുമായ വിപിൻ ദാസും മറ്റ് അണിയറ പ്രവർത്തകരുമുണ്ട്.പെദ്ദിയുടെ ലൊക്കേഷനിലെത്തിയാണ് രാം ചരണിനെ വാഴ 2 താരങ്ങൾ കണ്ടത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം നടൻ നാനിയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തത്. ഷൈൻ സ്‌ക്രീൻസ് ആണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. ഏപ്രിൽ 24നാണ് തെലുങ്ക് പതിപ്പിന്റെ റിലീസ്.

