ഓസ്കർ അക്കാദമിയിൽ കയ്യടി വാരിക്കൂട്ടി 'ഭ്രമയുഗം; 'മോളിവുഡ് ലെജന്‍റ്' ആയി മമ്മൂട്ടി

മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം 'ഭ്രമയുഗം'. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ക്കായിരുന്നു സിനിമയുടെ സ്ക്രീനിങ്. ഇപ്പോൾ വേദിയിൽ നടന്ന സ്പീച്ചിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഭ്രമയുഗത്തെ പറ്റി പറയുമ്പോൾ 'മോളിവുഡ് ലെജൻറ്' എന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.
കരഘോഷത്തോടെയായിരുന്നു മമ്മൂട്ടിയെ പറ്റിയുള്ള പരാമർശത്തെ വേദി സ്വീകരിച്ചത്. സംവിധായകൻ രാഹുൽ സദാശിവൻറെയും നടൻ അർജുൻ അശോകൻറെയും പേരുകളും അവതാരക പരാമർശിച്ചിരുന്നു. അക്കാദമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നതിൻറെയും മമ്മൂട്ടിയുടെ ഇൻട്രോ സീനും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഓസ്കർ അക്കാദമിയുടെ പ്രത്യേക സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഭ്രമയുഗം ഉൾപ്പെടെയുള്ള ചിത്രങ്ങൾ ആഗോള സിനിമാ പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്.

