32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു ;‘പദയാത്ര’ ഡിസംബർ നാലിന്

32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ‘പദയാത്ര’യുടെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ നാലിന് ചിത്രം റിലീസിനെത്തുന്നു . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘പദയാത്ര’. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.അടൂർ ഗോപാലകൃഷ്ണനും കെവി മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ജീവിതവും അതിലൂടെ ചർച്ചയാകുന്ന വിഷയങ്ങളും എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ഥാനമുള്ള സംവിധായകനും നടനും വീണ്ടും ഒന്നിക്കുമ്പോൾ ‘പദയാത്ര’യിലൂടെ മറ്റൊരു വേറിട്ട സിനിമാനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

