മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തികതട്ടിപ്പ് കേസിൽ 1000 പേജുള്ള കുറ്റപത്രം;സൗബിന് ഷാഹിറടക്കം മൂന്ന് പ്രതികള്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു .1000 പേജുള്ള കുറ്റ പത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത് .നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ പ്രതികളാണ് . സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ഏഴ് കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ ലാഭ വിഹിതമോ കൈപ്പറ്റിയ തുകയോ തിരികെ നൽകിയില്ലെന്നും കാണിച്ച് അരൂർ സ്വദേശി സിറാജ് ഹമീദ് നൽകിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടന്നത്.സിനിമയുടെ നിർമാതാക്കൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. സിനിമയുടെ നിർമാണത്തിനായി പ്രതികൾ സ്വന്തമായി പണം മുടക്കിയിട്ടില്ല, പകരം ഏഴുകോടി രൂപ സിറാജിന്റെ കൈയിൽനിന്ന് വാങ്ങിയാണ് ഉപയോഗിച്ചതെന്നാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ആയിരം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്.സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരുന്നതിനാൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സൗബിൻ ഷാഹിറിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തള്ളിക്കളഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പിൽ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ പ്രാഥമിക റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളിലെത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം കേരളത്തിന് പുറമേ തമിഴ്നാട്ടിലും തരംഗമായി മാറി. ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഈ വൻ ലാഭത്തിന് പിന്നാലെയാണ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഇൻവെസ്റ്റർ രംഗത്തെത്തിയതും ഇപ്പോൾ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതും.

