അമ്മയുടെ മരണശേഷം അച്ഛൻ പുകവലി അവസാനിപ്പിച്ചു ;ജാൻവി കപൂർ

പുകവലി തുടങ്ങിയാൽ പിന്നെ അത് അവസാനിപ്പിക്കുക എന്നത് വളരെ പ്രയാസകരമാണ് .
അച്ഛൻ ബോണി കപൂറിന്റെ കഠിനമായ പുകവലിശീലം കുടുംബത്തെ വളരെയധികം ബാധിച്ചു എന്നും താനും സഹോദരി ഖുശി കപൂറും ഇത് അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയെന്നും പറഞ്ഞിരിക്കുകയാണ് ജാൻവി കപൂർ .
ശ്രീദേവിയുടെ മരണത്തോടെ ആണ് ബോണി ഈ ദുശീലം അവസാനിപ്പിച്ചത് .
'അച്ഛൻ ഒരുപാട് സിഗരറ്റ് വലിക്കുമായിരുന്നു.
എല്ലാ ദിവസവും രാവിലെ ഞാനും ഖുഷിയും അച്ഛന്റെ സിഗരറ്റ് പാക്കറ്റുകൾ നശിപ്പിക്കാൻ പുതിയ വഴികൾ കണ്ടെത്തുമായിരുന്നു.
ഒന്നെങ്കിൽ ഞങ്ങൾ പോയി അദ്ദേഹത്തിന്റെ സിഗരറ്റുകൾ മുറിച്ചുമാറ്റുമായിരുന്നു. അല്ലെങ്കിൽ ഞാൻ അത് തുറന്ന് പേസ്റ്റ് തേക്കുമായിരുന്നു.
ഓരോ ദിവസവും ഞങ്ങൾ വ്യത്യസ്ത വഴികൾ കണ്ടെത്തി. പക്ഷേ, ആ ശ്രമങ്ങളൊന്നും ഫലിച്ചില്ല.'-ജാൻവി പറയുന്നു.
ഇതിന്റെ പേരിൽ ശ്രീദേവി എപ്പോഴും ബോണി കപൂറുമായി വഴിക്കിടാറുണ്ടായിരുന്നുവെന്നും ജാൻവി പറയുന്നു. ഒടുവിൽ അമ്മ അച്ഛന്റെ ഈ ശീലം മാറ്റാൻ ഒരു ത്യാഗം ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.
'അമ്മ വെജിറ്റേറിയനായി മാറി. അച്ഛൻ സിഗരറ്റ് വലിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ നോൺ വെജ് കഴിക്കില്ലെന്ന് തീരുമാനമെടുത്തു.
ഡോക്ടർമാർ അമ്മയ്ക്ക് നൽകിയ ഉപദേശത്തിന് വിപരീതമായിരുന്നു ഈ തീരുമാനം.
അമ്മ വളരെ ദുർബലയാണെന്നും കൂടുതൽ നോൺ വെജ് ഭക്ഷണം കഴിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ, അമ്മ തീരുമാനത്തിൽനിന്ന് മാറിയില്ല.
അച്ഛൻ പല തവണ പറഞ്ഞിട്ടും അമ്മ നോൺ വെജ് കഴിച്ചില്ല.'- ജാൻവി പറയുന്നു .ഒടുവിൽ ശ്രീദേവിയുടെ മരണത്തിനുശേഷമാണ് ബോണി കപൂർ ഈ ദുശ്ശീലം മാറ്റിയത്.
'അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷത്തോളം ആയിക്കാണും.
അച്ഛൻ ഒരു ദിവസം പറഞ്ഞു 'അവൾക്ക് ഇത് നിർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
അപ്പോൾ ഞാൻ അനുസരിച്ചില്ല. ഇപ്പോൾ ഞാൻ ഇത് നിർത്തുകയാണ്' എന്ന്. അതിനുശേഷം അച്ഛൻ സിഗരറ്റ് വലിച്ചിട്ടില്ല'-ജാൻവി പറഞ്ഞു .

