പറയാനുള്ളത് തുറന്നുപറയും; സിനിമയിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല
Actress Maala Parvathi Interview

ഹണി വി ജി
മികച്ച കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ഏറെ ശ്രദ്ധേ നേടിയ നടിയാണ് മാലാ പാര്‍വതി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും മാലാ പാര്‍വതി സാന്നിധ്യമറിയിച്ചു. നീലത്താമര, ലീല, കന്യക ടോക്കീസ്, ആക്ഷന്‍ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ എന്നീ ചിത്രങ്ങളിലൂടെ മനുഷ്യവകാശ പ്രവര്‍ത്തക കൂടിയായ മാലാ പാര്‍വതി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സിനിമ വിശേഷങ്ങള്‍ക്കൊപ്പം, തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും മാലാ പാര്‍വതി പറയുന്നു.
'അഭിനയമില്ലാത്ത' കുട്ടിക്കാലം!
കുട്ടിക്കാലത്ത് എനിക്കങ്ങനെ പ്രത്യേക കലാ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് ഈ ലോകത്ത് എത്തിയതാണ്. നഴ്‌സറി ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നു മാത്രം. അവസരങ്ങള്‍ വന്നിട്ടും ഒന്നിനും അക്കാലത്ത് പോയിരുന്നില്ല.
നാടകത്തിലൂടെ അഭിനയ ജീവിതം
കോളേജില്‍ പഠിക്കുന്ന കാലത്ത് എഴുത്തുകാരിയും അധ്യാപികയുമായ ചന്ദ്രമതി ടീച്ചറാണ് എന്നെ നിര്‍ബന്ധിച്ച് കോളേജ് നാടകത്തില്‍ അഭിനയിപ്പിച്ചത്. നാടകമത്സരത്തില്‍ ഞാന്‍ മികച്ച നടിയായി. വിവാഹ ശേഷം ടെലിവിഷന്‍ അവതാരകയായി. ഏഷ്യാനെറ്റില്‍ 'ഉള്‍ക്കാഴ്ച' എന്ന പരിപാടിയാണ് ആദ്യം അവതരിപ്പിച്ചത്. അതിനുശേഷം മോര്‍ണിങ് ഷോയില്‍ തത്സമയ പരിപാടികള്‍ അവതരിപ്പിച്ചു. 'നീലത്താമര'യ്ക്കുശേഷമാണ് എം.ജി. ജ്യോതിഷിന്റെ നാടകസംഘത്തില്‍ എത്തുന്നത്. 'സാഗരകന്യക' എന്ന നാടകം ഇബ്‌സണ്‍ ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലിലേക്കും ഓസ്‌ട്രേലിയയില്‍ നടന്ന ലോക നാടകോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നാടക ജീവിതം എന്നിലെ അഭിനേത്രിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
അഭിനയത്തെക്കാള്‍ നാടകം എന്നെ സഹായിച്ചിട്ടുള്ളത് വ്യക്തി ജീവിതത്തില്‍ കൂടിയാണ്. എന്നിലെ അച്ചടക്കം, ആത്മധൈര്യം ഇതൊക്കെ രൂപപ്പെട്ടതില്‍ വലിയ പങ്കാണ് നാടകം വഹിച്ചത്.
ജീവിതത്തില്‍ സ്വാധീനിച്ച വനിതകള്‍
മാധവികുട്ടി, അഷിത, സാറാ ജോസഫ്, സുഗതകുമാരിയുടേ സഹോദരി സുജാത ടീച്ചര്‍ ഇവരൊക്കെ ഒരുപാട് എന്നെ സ്വാധീനിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിലും അല്ലാതെയും.
'അമ്മ'യെ കുറിച്ച്
നന്നായി വരുമെന്ന പ്രതീക്ഷയാണ്. തിരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റ കമ്മിറ്റിയാണല്ലോ. അപ്പോള്‍ അതിന്റേതായ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയൊക്കെ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ത്രീ സൗഹൃദ തൊഴിലിടം
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിനിമാ ലോകത്ത് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം ഡബ്ല്യു.സി.സി.യുടെ രൂപീകരണം തന്നെയാണ്. പിന്നെ ഹേമ കമ്മിറ്റി. അങ്ങനെ പല കാരണങ്ങള്‍ ആ മാറ്റത്തിന് സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമുള്ള ബോധ്യം ഓരോ ലൊക്കേഷനിലും ഉണ്ടാവുന്നുണ്ട്. സിനിമയിലെത്തുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളൊന്നും ഇല്ലാ എന്നല്ല, പക്ഷേ, ഒരുപാട് മാറിയിട്ടുണ്ട്. ഇനിയും മാറട്ടെ.
സിനിമ സംവിധായകന്റെ കല
നൂറു ശതമാനം സംവിധായകന്റെ മാത്രം സൃഷ്ടിയാണ് സിനിമ. സംവിധായകന്‍ ആണ് തീരുമാനിക്കുന്നത് ഏത് റോള്‍ ആര്‍ക്ക്, എങ്ങനെ എന്നുള്ളത്. ഈയടുത്തു ഞാന്‍ നെഗറ്റീവ് റോളും ചെയ്തു. അത് ആ സംവിധായകന്റെ ആവശ്യ പ്രകാരമല്ലേ ചെയ്തത്. മുസ്തഫ എന്ന സംവിധായകന്‍ ഉള്ളത് കൊണ്ടാണ് മുറ എന്ന സിനിമയില്‍ എനിക്ക് നെഗറ്റീവ് റോള്‍ ചെയ്യാന്‍ കഴിഞ്ഞത്. സിനിമകളില്‍ മൃഗങ്ങള്‍ പോലും അഭിനയിക്കുന്നുണ്ട്. അതിനര്‍ത്ഥം അവരുടെ കഴിവ് എന്നല്ലല്ലോ. നാടകം അഭിനേതാക്കളുടെതാണ്. എന്നാല്‍ സിനിമ നൂറു ശതമാനവും സംവിധായകന്റേതു തന്നെയാണ്.
പറയാനുള്ളത് തുറന്ന് പറയും
പലപ്പോഴും പലതും തുറന്ന് പറയാറുണ്ട്. സിനിമാ ലോകത്ത് ഒരു ഗ്രൂപ്പിലും ഒരു ലോബിയിലും പെടാത്ത ഒരാളാണ് ഞാന്‍. എനിക്ക് നിലപാടുകളുണ്ട്, കാഴ്ചപ്പാടുകളുണ്ട്. ഉള്ളത് തുറന്ന് പറയാറുണ്ട്. പറയുന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
പുതിയ ചിത്രങ്ങള്‍
മലയാളത്തില്‍ റൈഡ് എന്ന ചിത്രമാണ് ഇനി ഇറങ്ങാനുള്ളത്. രണ്ട് തമിഴ് ചിത്രങ്ങളും ഇറങ്ങാന്‍ പോവുകയാണ്.

