മമ്മൂക്കയോടൊപ്പം ഒരു സെല്‍ഫി എടുക്കണം; ശ്രീനി സാറിന്റെ മറുപടി കേട്ട് ചിരിച്ചുപോയി!
Actress Akhila Pushpangathan Interview

ബി.വി. അരുണ്‍ കുമാര്‍
അഭിനയം ഒരു പാഷനായി കൊണ്ടുനടക്കുന്ന നടിയാണ് അഖില പുഷ്പാംഗദന്‍. അതാണ് വിദേശത്ത് നല്ലൊരു ജോലിസാധ്യത ഉണ്ടായിട്ടും നാട്ടില്‍ തന്നെ നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചതും. ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഖില സിനിമയിലെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന സിനിമയിലെ ലീഡ് റോള്‍ അഖിലയാണ് ചെയ്തത്. അഖിലയുടെ സിനിമാ വിശേഷങ്ങള്‍
നാലുവര്‍ഷം മുമ്പ് എറണാകുളത്ത് ഒരു സിനിമയുടെ പൂജ നടന്നു. ഒരു പ്രമുഖ ഹോട്ടലിലായിരുന്നു ചടങ്ങ്. ആ സമയം അഖില സിനിമയില്‍ സജീവമായി വരുന്നതേയുള്ളു. അമ്മയോടൊപ്പം ഹോട്ടലിലെ പരിപാടി നടക്കുന്ന ഹാളിലേക്കെത്തി. അവിടെ പരിചയമുള്ളവരും അല്ലാത്തവരുമായി നിരവധി പേര്‍ ഇരിക്കുന്നു. പരിചയക്കാരോടൊക്കെ കുശലാന്വേഷണം നടത്തിയശേഷം സീറ്റിലേക്കു തിരിയാന്‍ നേരെ ദേ നില്‍ക്കുന്നു, യൂണിവേഴ്‌സല്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്ക. ആദ്യമായി അദ്ദേഹത്തെ നേരിട്ടു കണ്ടതിന്റെ ആകാംഷയായിരുന്നു അഖിലയുടെ മുഖത്ത്. സിനിമയില്‍ അഭിനയമൊക്കെ തുടങ്ങിയെങ്കിലും ഇത്രയും വലിയ പ്രതിഭയെ അതുവരെ അഖില കണ്ടിട്ടുണ്ടായിരുന്നില്ല. എന്തു പറയണമെന്നറിയാതെ അഖില സീറ്റില്‍ തന്നെയിരുന്നു.
സിനിമയുടെ പൂജാ ചടങ്ങുകള്‍ വളരെ ഭംഗിയായി നടന്നു. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ മമ്മൂക്കയോടൊപ്പം സെല്‍ഫിയെടുക്കാനുള്ള തിക്കും തിരക്കും. ദൈവമേ എനിക്കും ഒരു സെല്‍ഫിയെടുക്കാന്‍ സാധിച്ചെങ്കില്‍. ഇത്രയും വലിയൊരു പ്രതിഭയെ തൊട്ടടുത്തു കിട്ടിയിട്ട് ഒരു സെല്‍ഫിയെങ്കിലും എടുത്തില്ലെങ്കില്‍ മോശമല്ലേ, അഖില മനസില്‍ പറഞ്ഞു. എന്തായാലും സെല്‍ഫിയെടുക്കാമെന്ന് മനസിലുറപ്പിച്ചുകൊണ്ട് അഖില മമ്മൂക്കയ്ക്കടുത്തേക്ക് പാഞ്ഞു. അപ്പോഴും തിക്കും തിരക്കിനും ഒരു കുറവുമുണ്ടായില്ല. വല്ലവിധേനയും ഒടുവില്‍ മമ്മൂക്കയിടെ മുന്നിലെത്തി. അപ്പോഴേക്കും അദ്ദേഹം പോകാനായി ഇറങ്ങിയിരുന്നു. മമ്മൂക്ക ഒരു സെല്‍ഫിയെടുത്തോട്ടെ എന്ന് അഖില പറഞ്ഞു. മമ്മൂക്ക ചിരിച്ചുകൊണ്ട് അഖിലയുടെ മൊബൈലില്‍ നോക്കിത്തന്നെ നടത്തം തുടര്‍ന്നു. പക്ഷേ എന്തു പറയാന്‍. ആ സെല്‍ഫി ചീറ്റിപ്പോയി. സെല്‍ഫി എടുത്തോ എന്നു ചോദിച്ചാല്‍ എടുത്തു. കിട്ടിയോ എന്നു ചോദിച്ചാല്‍ കിട്ടിയില്ല എന്നതുപോലെയായി കാര്യം. ആ നടത്തത്തിനിടെ എടുത്ത സെല്‍ഫി ബ്ലര്‍ ആയിപ്പോയി.
മമ്മൂക്കയ്‌ക്കൊപ്പെ ഒരു സെല്‍ഫിയെടുത്ത് സൂക്ഷിക്കാമെന്ന അഖിലയുടെ മോഹം അതോടെ വിഫലമായി. ഇനി എന്നെങ്കിലും ഇക്കയെ കാണുമെങ്കില്‍ ഒരു സെല്‍ഫി എടുക്കണമെന്നാണ് അഖിലയുടെ ആഗ്രഹം. അതിനായി താന്‍ കാത്തിരിക്കുകയാണെന്നും അഖില പറയുന്നു.
ഷോര്‍ട്ട് ഫിലിമിലൂടെ സിനിമയിലേക്ക്
കുട്ടിക്കാലം മുതലേ അഭിനയം എനിക്ക് ഇഷ്ടമാണ്. ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്തു കാണുന്നതും സിനിമയാണ്. വീട്ടില്‍ എല്ലാവര്‍ക്കും സിനിമ ഇഷ്ടമാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പഠിക്കുന്ന സമയത്തു തന്നെ അമ്മയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അവസരങ്ങള്‍ കിട്ടാന്‍ വലിയ പ്രയാസമുണ്ടായിരുന്നു. സിനിമാ പശ്ചാത്തലമില്ലാത്ത ഒരു ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഒരു തുടക്കക്കാരിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ അധികം ആള്‍ക്കാരുമായി അത്ര പരിചയമോ, കോണ്‍ടാക്‌റ്റോ എനിക്കില്ല. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്ന്. മോഡലിംഗ് ചെയ്യാമെന്നൊക്കെ ആഗ്രഹിച്ചാണ് ഫാഷന്‍ ഡിസൈനിംഗ് പഠിച്ചത്. അങ്ങനെയിരിക്കെയാണ് ഒരു ഷോട്ട് ഫിലിം ചെയ്യാന്‍ അവസരം ലഭിച്ചത്. അതിനു ശേഷം കുറച്ചു ഷോര്‍ട്ട് ഫിലിമുകളില്‍ അവസരം ലഭിച്ചു. അതൊക്കെ എന്നെ തേടിവന്നതായിരുന്നു. ഒരു എന്‍ട്രി കിട്ടിയപ്പോള്‍ വന്ന അവസരങ്ങളാണവ. അങ്ങനെയാണ് സിനിമയിലും അവസരം ലഭിച്ചത്.
നാന്‍ പെറ്റ മകന്‍ ആദ്യ സിനിമ
മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ 'നാന്‍ പെറ്റ മകന്‍ ആയിരുന്നു എന്റെ ആദ്യ സിനിമ. ശ്രീനിവാസന്‍ സാറിനൊപ്പം എനിക്ക് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചു. പിആര്‍ഒ ദിനേശേട്ടന്‍ വഴിയാണ് എനിക്ക് അതിലേക്ക് അവസരം ലഭിച്ചത്. അതിനോടൊപ്പം തന്നെ ഞാന്‍ പട്ടാഭിരാമന്‍ എന്ന സിനിമയിലും അഭിനയിച്ചു. പട്ടാഭിരാമനില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചെറിയൊരു വേഷമായിരുന്നു.
പട്ടാഭിരാമന്‍ ഫെയ്‌സ് ബുക്കിലൂടെ കിട്ടിയ അവസരം
ഞാന്‍ ഫാഷന്‍ ഡിസൈനിംഗാണ് പഠിച്ചതെന്ന് പറഞ്ഞല്ലോ. ഫെയ്‌സ്ബുക്കിലൊക്കെ എന്റെ ഫോട്ടോ ഷൂട്ടിന്റെ പടങ്ങള്‍ ഇട്ടിട്ടുണ്ടായിരുന്നു. കണ്ണന്‍ താമരക്കുളമായിരുന്നു പട്ടാഭിരാമന്‍ സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അഖില്‍ ചേട്ടനെ ഫെയ്‌സ്ബുക്കിലൂടെ പരിചയമുണ്ടായിരുന്നു. എന്റെ ഫോട്ടോസ് കണ്ടപ്പോള്‍ അഖിലേട്ടന്‍ എന്നെ കോണ്‍ടാക്റ്റ് ചെയ്തു. കണ്ണന്‍ ചേട്ടന്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് അഖിലേട്ടന്‍ പറഞ്ഞു. അങ്ങനെ കോണ്‍ടാക്റ്റ് ചെയ്തപ്പോഴാണ് പട്ടാഭിരാമനില്‍ ചെറിയൊരു വേഷം ലഭിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷമായിരുന്നു. ചെറിയൊരു സീനില്‍ മാത്രമേ ഞാന്‍ ഉണ്ടായിരുന്നുള്ളു. ആ പടത്തില്‍ ജയറാമേട്ടനോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റിയെന്നത് വലിയ ഭാഗ്യമായി കരുതുന്നു
മനോജ് പാലോടന്‍ സംവിധാനം ചെയ്ത സിഗ്നേച്ചര്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി മുഴുനീള കഥാപാത്രം ചെയ്തത്. അതുപോലെ തന്നെ മായാവനം എന്ന സിനിമയിലും നല്ല വേഷം ലഭിച്ചിരുന്നു.
അരുണ്‍ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഒഫ് കേരള എന്ന സിനിമയാണ് എന്നെ അടയാളപ്പെടുത്തിയ സിനിമ. രഞ്ജിത് സജീവായിരുന്നു നായകന്‍. ഇന്ദ്രന്‍സ്, സംഗീത, സാരംഗി ശ്യാം, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരെ കൂടാതെ മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍, ഡോക്ടര്‍ റോണി, മനോജ് കെ യു, മീര വാസുദേവ് തുടങ്ങിയവരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി.
ശ്രീനിവാസന്‍ സാറിന്റെ ചോദ്യവും ആ ചിരിയും
നാന്‍ പെറ്റ മകനില്‍ അഭിനയിക്കുമ്പോഴാണ് ശ്രീനിവാസന്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത്. ആ സെറ്റില്‍ ഒരു രസകരമായ സംഭവമുണ്ടായി. ഞാനും ശ്രീനിവാസന്‍ സാറും നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍ സാറും സെറ്റില്‍ ഇരിക്കുകയായിരുന്നു. ഞാനും ശ്രീനി സാറുമായി കുറേ കാര്യങ്ങള്‍ സംസാരിച്ചു. അതുകഴിഞ്ഞ് ഞാന്‍ എണീക്കാന്‍ നേരെ ശ്രീനിവാസന്‍ സാര്‍ പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചു. ഈ അടുത്തിരിക്കുന്ന ആളിനെ അറിയുമോ എന്നു ചോദിച്ചു. സുരേഷ് സാറിനെ ചൂണ്ടിക്കാട്ടിയായിരുന്നു ആ ചോദ്യം. ഞാന്‍ പറഞ്ഞു, അറിയാമല്ലോ, സുരേഷ് സാര്‍. അതു കേട്ടതോടെ പെട്ടെന്ന് ശ്രീനിവാസന്‍ സാര്‍ ചിരിച്ചു. ആ ചിരിക്ക് ഒരു കാരണമുണ്ടായിരുന്നു. അദ്ദേഹം തന്നെ അത് വ്യക്തമാക്കിത്തന്നെ. എല്ലാവരും സുരേഷിനെ കീര്‍ത്തി സുരേഷിന്റെ അച്ഛനാണെന്നാണ് പറയാറുള്ളത്. എന്നാല്‍ അഖിലയോടു ചോദിച്ചപ്പോള്‍ മാത്രമാണ് സുരേഷ് സാറാണെന്ന മറുപടി നല്‍കിയത്... എന്നായിരുന്നു ശ്രീനി സാറിന്റെ മറുപടി. അതുകേട്ട് സുരേഷ് സാറും ചിരിച്ചു.
സിനിമ എനിക്ക് പാഷന്‍
സിനിമ എനിക്ക് പാഷനാണ്. അതുവിട്ടൊരു കളിക്കും ഞാനില്ല. എന്റെ കസിന്‍ അമേരിക്കയിലാണ്. ബെസ്റ്റ് ഫ്രണ്ട് ദുബൈയില്‍ ഫാഷന്‍ ഡിസൈനറായി ജോലിനോക്കുകയാണ്. ഇവരൊക്കെ എന്നെ അവിടേക്ക് ജോലി നോക്കാമെന്നു പറഞ്ഞ് വിളിച്ചിട്ടുണ്ട്. പക്ഷേ എനിക്കു സിനിമയോടുള്ള താത്പര്യം കൊണ്ടു മാത്രമാണ് ഇവിടെ നില്‍ക്കാന്‍ തീരുമാനിച്ചത്. വീട്ടില്‍ എന്റെ സഹോദരനും പറയാറുണ്ട്, നിന്റെ കൂട്ടുകാരൊക്കെ വിദേശത്തില്ലേ, അവിടെ ട്രൈ ചെയ്തൂടേ എന്നൊക്കെ. പക്ഷെ സിനിമയാണ് എന്റെ ലക്ഷ്യം.
നാടകത്തില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്
ഞാന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ്. ഇചിനോടകം രണ്ടു നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ഒരു നടിയെന്ന നിലയില്‍ നാടകം എന്നത് ഒരുപാട് വലിയ എക്‌സ്പിരിയന്‍സാണ് നല്‍കിയിട്ടുള്ളത്. ഒരു നാടകത്തിലെ ഡയലോഗുകള്‍ മുഴുവന്‍ കാണാതെ പഠിച്ച് സ്റ്റേജില്‍ പെര്‍ഫോം ചെയ്യുക എന്നു പറയുന്നത് വലിയൊരു അനുഭവമായാണ് എനിക്കു തോന്നിയത്. സിനിമയില്‍ പറയുന്നതുപോലെയല്ല നാടകത്തില്‍. പിന്നില്‍ നിന്ന് ഡയലോഗുകള്‍ പറഞ്ഞുതരാന്‍ ആരും ഉണ്ടാകില്ല. നമ്മള്‍ തന്നെ അതു പഠിച്ച് അഭിനയിക്കണം. പക്ഷേ അതൊരു വലിയ പ്രയാസമായി എനിക്കു തോന്നിയില്ല. നാടകത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് അഭിനേത്രി എന്ന നിലയില്‍ എനിക്കു മനസിലായി. ഞാന്‍ സിനിമയില്‍ അത്ര വലിയ ആളൊന്നുമായിട്ടില്ല. പടിപടിയായി കയറിവരുന്നതേയുള്ളു. സിനിമയോടൊപ്പം നാടകവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം. സിനിമയ്ക്കാണ് ആദ്യ പരിഗണന നല്‍കുക. വര്‍ഷത്തില്‍ ഒരു നാടകം ചെയ്യണമെന്നുണ്ട്.
കുടുംബം
എന്റെ അമ്മയും സഹോദരനും അടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന്‍ എന്റെ ചെറുപ്പത്തിലേ മരിച്ചു. അമ്മ സുമംഗലയാണ് എനിക്ക് എല്ലാവിധ സപ്പോര്‍ട്ടും നല്‍കുന്നത്. സഹോദരന്‍ അരുണ്‍ മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ ജോലിചെയ്യുന്നു.
ഞാന്‍ ജനിച്ചത് പത്തനംതിട്ടയാണ്. പക്ഷെ കോട്ടയത്താണ് വീട്. അച്ഛന്റെ സ്ഥലം കോട്ടയമാണ്. സിനിമയുടെ ആവശ്യത്തിനായി ഇപ്പോള്‍ എറണാകുളത്ത് സെറ്റില്‍ഡാണ്.

