ദേവിന്റെ 'തഗ്ഗ്' ലൈഫ്! 'മൂത്തോന്‍' നല്‍കിയ ബ്രേക്ക്
Actor Dev Interview

ബി.വി. അരുണ്‍ കുമാര്‍
സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ഹെഡില്‍ നിന്നും മലയാള സിനിമയിലേക്ക് ഒരു ട്രാന്‍സ്ഫര്‍മേഷന്‍ നടത്തുകയാണ് പാലക്കാട് പറളി സ്വദേശിയായ ദേവ്. അടുത്തിടെ തിയേറ്ററുകളിലെത്തിയ ക്രൈം ത്രില്ലര്‍ സിനിമയില്‍ പ്രധാന വേഷം ചെയ്ത ദേവിന്റെ സിനിമാ വിശേഷങ്ങളിലേക്ക്...
സിനിമയോടുള്ള താത്പര്യം
സ്‌കൂള്‍തലം മുതല്‍ ദേവിന് അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു. അക്കാലത്ത് നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയ മോഹം ഉള്ളിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ചെന്നുപെട്ടത് മാര്‍ക്കറ്റിംഗ് ഫീല്‍ഡിലായിരുന്നു. അതിനിടയില്‍ നാട്ടില്‍ അമച്വര്‍ നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. അതോടെ മനസില്‍ ഒളിച്ചിരുന്ന അഭിനയ മോഹം വീണ്ടും ഉടലെടുത്തു.
ചെറുപ്പം മുതല്‍ കഥകളും കവിതകളും എഴുതുന്ന സ്വഭാവം ദേവിനുണ്ടായിരുന്നു. രണ്ടു പുസ്തകങ്ങള്‍ ഇതിനിടെ പുറത്തിറക്കുകയും ചെയ്തു. ഒരെണ്ണം കവിതാ സമാഹാരവും മറ്റൊന്ന് കഥകളുമാണ്.
ആദ്യമായി ക്യാമറയ്ക്കു മുന്നില്‍
നാടകകൃത്തും സംവിധായകനുമായ ജോര്‍ജ് ദാസാണ് ദേവിനെ ക്യാമറയ്ക്കു മുന്നില്‍ ആദ്യമായി കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിനിമില്‍ അഭിനയിക്കാന്‍ ദേവിന് ക്ഷണം ലഭിച്ചു. അങ്ങനെ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തി. അതുകഴിഞ്ഞ് നാടകങ്ങളിലേക്ക് അവസരം ലഭിച്ചു. പിന്നാലെ ഷോര്‍ട്ട് ഫിലിനുമുകളിലും അഭിനയിക്കാന്‍ ദേവിന് സാധിച്ചു.
ആദ്യ ക്യാരക്ടര്‍ റോള്‍
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയിലാണ് ആദ്യമായി കാരക്ടര്‍ റോള്‍ ചെയ്യുന്നത്. ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയായിരുന്നു ക്യാമറാമാന്‍. ഈ സിനിമയിലേക്ക് ഹിന്ദി നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഒരാളെ വേണമെന്നു പറഞ്ഞ് ഒരു കാസ്റ്റിംഗ് കോള്‍ കണ്ടു. അങ്ങനെ അതിലേക്ക് അപേക്ഷിക്കുകയായിരുന്നു. ഒരു അഡ്വര്‍ടൈസിംഗ് ഏജന്‍സിയായിരുന്നു കാസ്റ്റിംഗ് നടത്തിയത്. അവര്‍ക്ക് പ്രൊഫൈല്‍ ഇഷ്ടപ്പെട്ടതോടെ മൂത്തോനില്‍ അവസരം ലഭിച്ചു. ആ സിനിമയുടെ പ്രത്യേകത, എല്ലാം സ്‌പോട്ട് ഡബ്ബായിരുന്നു. സിനിമയിലെ നായകന്‍ നിവിന്‍ പോളിയായിരുന്നു. അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ റോളായിരുന്നു ലഭിച്ചത്. ആ സിനിമയ്ക്കു ശേഷം ബിജു മേനോന്‍ നായകനായ ഒരായിരം കിനാക്കളിലും മലയാളി ഫ്രം ഇന്ത്യയിലും ചെറിയ റോളുകള്‍ ലഭിച്ചു.
തഗ്ഗില്‍ തിളങ്ങുന്ന വേഷം
സംവിധായകന്‍ ബാലു എസ്. നായരുമായി എട്ടുവര്‍ഷത്തോളം പരിചയമുണ്ട്. ആ സമയത്ത് അദ്ദേഹം ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അതിലേക്ക് ദേവിനെയും കാസ്റ്റ് ചെയ്തിരുന്നു. ആ സിനിമ നടന്നില്ല. അതിനു ശേഷമാണ് ബാലുവിന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ തഗ്ഗ് എന്ന ക്രൈം ത്രില്ലര്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ദേവ് എത്തിയത്. ധ്യാന്‍ ശ്രീനിവാസനാണ് നായകനെങ്കിലും അതില്‍ ശ്രദ്ധേയമായത് ദേവിന്റെ കഥാപാത്രമായിരുന്നു. അതിനു കാരണമായതാകട്ടെ കഥാപാത്രത്തിന്റെ പേരും. പരലോകം എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്. തമിഴ് കള്‍ച്ചര്‍ ഉള്ള അന്വേഷണ ഉദ്യോഗസ്ഥനാണ് പരലോകം. സിനിമ കണ്ടവര്‍ വിളിക്കുന്നതും പരലോകം എന്നാണ്.
സിനിമയില്‍ സജീവമാകും
തഗ്ഗില്‍ മികച്ച കഥാപാത്രം ലഭിച്ചതോടെ സിനിമയില്‍ സജീവമാകാനാണ് ദേവ് ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റിംഗ് ഒരു പാഷനായിട്ടാണ് കൊണ്ടുപോകുന്നത്. അഭിനയം ഇനി പ്രൊഫഷനാക്കും. ഇതിനായി പ്രത്യേക തയാറെടുപ്പുകളും നടത്തുന്നുണ്ട്. ആദ്യ തയാറെടുപ്പ് സ്വന്തം ശരീരത്തെ ശ്രദ്ധിക്കുകയാണ്. മാര്‍ക്കറ്റിംഗ് ഫീല്‍ഡായിരുന്നതിനാല്‍ ഇതുവരെ തന്റെ ലുക്കിനെ ശ്രദ്ധിച്ചിരുന്നില്ലെന്ന് ദേവ് പറയുന്നു. ഒരു നടന്റെ ടൂള്‍ ശരീരമാണ്. അത് നന്നായി കൊണ്ടുനടക്കണം.- ദേവ് പറയുന്നു. ഒരു കാരക്ടര്‍ കിട്ടിയാല്‍ അതില്‍ നൂറുശതമാനവും നമ്മള്‍ നീതി പുലര്‍ത്തണം. അഭിനേതാവിന്റെ ശരീരഭാഷയിലൂടെയാണ് ഒരു കഥാപാത്രത്തിന്റെ വിജയം. സ്വത:സിദ്ധമായ രീതിയില്‍ കാര്യങ്ങള്‍ കണ്ടും കേട്ടും പഠിച്ച് ചെയ്യണം- ദേവ് പറയുന്നു. ഇത്രയും മാത്രമല്ല തയാറെടുപ്പുകള്‍. വായന ഒരു പ്രധാന ഘടകമാണെന്നും ദേവ് പറയുന്നു.
സിനിമയുടെ എഴുത്തുപുരയിലേക്ക്
കഥകളും കവിതകളും എഴുതുന്ന താരം കൂടിയാണ് ദേവ്. ഇതുവരെ രണ്ടു പുസ്തകങ്ങള്‍ പുറത്തിറക്കി. ഒരെണ്ണം കവിതാ സമാഹാരമാണ്. 51 കവിതകളാണ് അതിലുള്ളത്. രണ്ടാമത്തേത് കഥകളാണ്. 21 കഥകളാണ് പുസ്തകത്തിലുള്ളത്. ഇതില്‍ സിനിമയ്ക്കു പറ്റിയ കഥകളുമുണ്ടെന്ന് ദേവ് പറയുന്നു. ഈ കഥകളില്‍ ഏതെങ്കിലും ഒന്ന് ഇഷ്ടപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ സ്‌ക്രിപ്റ്റാക്കും-ദേവ് പറയുന്നു.
സിദ്ദിഖിനു മുന്നില്‍ അഭിനയം മറന്നു
പല സിനിമകളിലും അഭിനേതാക്കളുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് ദേവ്. അതൊക്കെ തിയേറ്ററുകളിലായിരുന്നു. എന്നാല്‍ അന്നൊന്നും ഇവരില്‍ ആരുടെയെങ്കിലും കൂടെ അഭിനയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. തഗ്ഗിലേക്ക് ക്ഷണം ലഭിക്കുന്നത്. സിദ്ദിഖിന്റെയും ബിന്ദു പണിക്കരുടെയും വിനയപ്രസാദിന്റെയും കൂടെ സീനുകള്‍ ഉണ്ടായിരുന്നു. എല്ലാവരുമായും സൗഹൃദത്തിലായിരുന്നു ദേവ്. അങ്ങനെ സിദ്ദിഖുമായി ഒരു കോമ്പിനേഷന്‍ സീനെത്തി. ഈ സമയം ക്യാമറയ്ക്കു മുന്നില്‍ ദേവും സിദ്ദിഖും. സിദ്ദിഖ് തന്റെ ഡയലോഗുകള്‍ കൃത്യമായി പറഞ്ഞു. അടുത്തത് ദേവിന്റെ ഊഴമായിരുന്നു. ആ സമയം ദേവ് അഭിനയം മറന്ന് സിദ്ദിഖിന്റെ മുഖത്തുതന്നെ നോക്കിനില്‍ക്കുകയായിരുന്നു. ഈ സമയം സംവിധായകന്‍ ബാലു എസ്. നായര്‍ ദേവിനെ തട്ടിവിളിച്ചു. എന്തു പറയണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ദേവ്. സ്‌ക്രീനില്‍ നിരവധി സിനിമകളില്‍ സിദ്ദിഖിന്റെ അഭിനയം കണ്ട് മതിമറന്ന് ഇരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചപ്പോള്‍ അതേ ഫീല്‍ ദേവിന് അനുഭവപ്പെട്ടു. ഒരു സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന ദേവ് അക്കാര്യം അവിടെ പറഞ്ഞു. ഇതുകേട്ട സിദ്ദിഖ്, ദേവിനെ ആശ്ലേഷിച്ചു.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്
സിനിമയില്‍ എത്താന്‍ വൈകിപ്പോയി എന്ന പരിഭവമൊന്നും ദേവിനില്ല. നാടോടിക്കാറ്റിലെ ദാസന്‍, വിജയനോട് പറയുന്നപോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഒരുപക്ഷേ നേരത്തെ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ എന്റെ ആ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാമായിരുന്നു. കഴിഞ്ഞുപോയതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്ന് ദേവ്.
പേരില്‍ ചെറിയൊരു മാറ്റം
മാതാപിതാക്കള്‍ ദേവി പ്രസാദ് എന്നാണ് പേരിട്ടത്. മാര്‍ക്കറ്റിംഗ് മേഖലയിലടക്കം ആ പേരില്‍ തന്നെയാണ് അറിയപ്പെടുന്നതും. പക്ഷേ സിനിമയില്‍ എത്തിയപ്പോള്‍ പേരില്‍ ചെറിയൊരു മാറ്റം വരുത്തി. ദേവി പ്രസാദ് എന്നത് ദേവ് എന്നാക്കി. ചെറിയ വാക്കുകളാകുമ്പോള്‍ ആളുകള്‍ ഓര്‍ത്തുവയ്ക്കുമെന്നുള്ളതുകൊണ്ടാണ് ഈ മാറ്റമെന്ന് ദേവ് പറയുന്നു.

