Kaumudi Plus

എന്താണ് ലീൻ ഫാറ്റി ലിവർ?

എന്താണ് ലീൻ ഫാറ്റി ലിവർ?
X

എന്താണ് ലീൻ ഫാറ്റി ലിവർ?

ശരീരഭാരം കുറവാണെങ്കിലും കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ അവസ്ഥയിൽ, അമിതമായ മദ്യപാനമോ പൊണ്ണത്തടിയോ ഇല്ലാതെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു.

ശരീരത്തിന് പുറത്ത് കൊഴുപ്പ് അധികമില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രതിഭാസമാണിതിന് കാരണം. ഡോക്ടർമാർ ഇതിനെ ലീൻ NAFLD (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) എന്ന് വിളിക്കുന്നു, ശ്ര​ദ്ധിച്ചില്ലെങ്കിൽ മറ്റ് ​ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

നിശബ്ദമായ വളർച്ച

ഫാറ്റി ലിവർ രോഗത്തിന്റെ ഏറ്റവും വലിയ അപകടം അതിന് പ്രകടമായ ലക്ഷണങ്ങൾ ഇല്ല എന്നതാണ്. പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി നടത്തുന്ന സ്കാനിങ്ങിലോ രക്തപരിശോധനയിലോ ആണ് ഇത് കണ്ടെത്തുന്നത്. അൾട്രാസൗണ്ട് സ്കാനിങ്, ലിവർ ഫം​ഗ്ഷൻ ടെസ്റ്റ്, ഫൈബ്രോസ്കാൻ തുടങ്ങിയ പരിശോധനകളിലൂടെ രോ​ഗം നി‌ർണ്ണയിക്കാൻ സാധിക്കും.

ഘട്ടം 1- ലളിതമായ ഫാറ്റി ലിവർ

ഘട്ടം 2- കരൾ വീക്കം. ഈ ഘട്ടത്തിൽ കരൾ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.

ഘട്ടം 3- സിറോസിസ് - കരളിൽ തഴമ്പുകൾ വരികയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുകയും ചെയ്യുന്നു.വെല്ലുവിളിയാകുന്ന ഘടകങ്ങൾ

മെറ്റബോളിക് ഘടകങ്ങൾ: ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഇതിൽ പ്രധാനി. രക്തത്തിലെ പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തിന് കഴിയാതെ വരുമ്പോൾ, ആ പഞ്ചസാര കൊഴുപ്പായി മാറി കരളിൽ അടിയുന്നു.

ഭക്ഷണശൈലി: അമിതമായ കാർബോഹൈഡ്രേറ്റ്സ് , പഞ്ചസാര, മൈദ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം ഇതിന് കാരണമാകുന്നു. പ്രത്യേകിച്ച് ഫ്രക്ടോസ് അടങ്ങിയ ശീതളപാനീയങ്ങൾ കരളിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു.

ജനിതക കാരണങ്ങൾ: ചിലരിൽ പാരമ്പര്യമായിത്തന്നെ കരളിൽ കൊഴുപ്പ് അടിയാനുള്ള പ്രവണത കണ്ടുവരാറുണ്ട്.

വ്യായാമക്കുറവ്: മെലിഞ്ഞവരാണെന്ന ആത്മവിശ്വാസത്തിൽ വ്യായാമം തീരെ ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിക് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

പ്രതിരോധ മാർഗങ്ങൾ

സമീകൃതാഹാരം: ചോറിൻ്റെ അളവ് കുറച്ച് പച്ചക്കറികൾ, പ്രോട്ടീൻ, നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവ ഉൾപ്പെടുത്തുക.

മധുരം കുറയ്ക്കുക: മധുരപലഹാരങ്ങളും സോഡകളും പൂർണ്ണമായും ഒഴിവാക്കുന്നത് കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് വീതം വേഗത്തിലുള്ള നടത്തമോ മറ്റ് വ്യായാമങ്ങളോ ശീലിക്കുക.

പരിശോധനകൾ: 35 വയസ്സിന് മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും ലിവർ ഫം​ഗ്ഷൻ ടെസ്റ്റ് (LFT), അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവ ചെയ്യുന്നത് രോഗം നേരത്തെ തിരിച്ചറിയാൻ സഹായിക്കും.

മെലിഞ്ഞിരിക്കുക എന്നാൽ പൂർണ്ണ ആരോഗ്യവാനായിരിക്കുക എന്നതല്ല അർത്ഥം. ഉള്ളിലുള്ള അവയവങ്ങളുടെ ആരോഗ്യം കൂടി സംരക്ഷിക്കുമ്പോഴേ പൂർണ്ണമായ ആരോഗ്യം കൈവരിക്കാനാകൂ. ഈ ലോക കരൾ ദിനത്തിൽ നമുക്ക് കരളിലെ കൊഴുപ്പിനെതിരെ ജാഗ്രത പാലിക്കാം.

കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ ജീവിതശൈലിയും കൊണ്ട് ഈ നിശബ്ദ വില്ലനെ പ്രതിരോധിക്കാം. സ്ഥിരമായ ക്ഷീണം, വയറി​ന്റെ വലതുഭാ​ഗത്ത് മുകളിലായുള്ള വേദന തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും വൈകാതെ തന്നെ ഒരു ​ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റിനെ സമീപിക്കുക.

Next Story
Share it