വേനൽക്കാലത്ത് വർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം പുലർച്ചെയാണ്. അത്രയും നേരത്തേ എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം വ്യായാമം ചെയ്യാം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്ന് മണി വരെ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദിവസത്തിൽ ഏറ്റവും ചൂടു കൂടിയ സമയമാണിത്.
വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം
വ്യായാമം ചെയ്യുമ്പോൾ ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ഇരുണ്ട നിറങ്ങൾ ചൂട് ആഗിരണം ചെയ്യും.
വ്യായാമം ചെയ്യുന്നതിനു കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക.
വീട്ടിലാണെങ്കിലും ജിമ്മിലാണെങ്കിലും വ്യായാമം ചെയ്യുമ്പോൾ തൊട്ടടുത്ത തന്നെ വെള്ളം നിറച്ച കുപ്പി മറക്കാതെ കരുതുക.
ഇട നേരങ്ങളിൽ വെള്ളം കുടിക്കാൻ മറക്കരുത്
വ്യായാമം പൂർത്തിയായതിനു ശേഷം കൂടുതൽ വെള്ളം കുടിക്കാവുന്നതാണ്.
താപനില 40 ഡിഗ്രി കടക്കുമ്പോൾ വെറും വെള്ളം മാത്രം കുടിച്ചാൽ പോരാ. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകൾ വീണ്ടെടുക്കാൻ വെള്ളത്തിൽ ഒആർഎസ് (ORS) ചേർക്കുന്നത് നല്ലതാണ്. പേശികളുടെ പ്രവർത്തനം സുഗമമാക്കാനും മസിൽ കയറുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. വ്യായാമം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ തന്നെ ശരീരം ഹൈഡ്രേറ്റഡ് ആണെന്ന് ഉറപ്പുവരുത്തണം.
ഒരു കിലോഗ്രാം ശരീര ഭാരത്തിന് 30 മുതൽ 35 മില്ലി വെള്ളം എന്നതാണ് കണക്ക്. ദിവസവും രണ്ടു മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കണം. മിതമായ രീതിയിൽ കട്ടി കുറഞ്ഞ ഭക്ഷണം ഇടയ്ക്കിടെ കഴിക്കാം. ഉയർന്ന കാർബോഹൈഡ്രേറ്റ്സും കൊഴുപ്പും അടങ്ങിയ കനത്ത ഭക്ഷണം ശരീരത്തിൽ ധാരാളം ചൂട് ഉണ്ടാക്കുന്നു. അതിനാൽ ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി, പഴുത്ത മാങ്ങ, കക്കിരി തുടങ്ങിയ ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.

