ഭക്ഷണക്രമത്തിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ ലഭിക്കുന്ന ഗുണങ്ങളേറെ

നമ്മുടെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാൻ കഴിയാത്ത പ്രധാന ഘടകമാണ് പഞ്ചസാര .
മധുരപലഹാരങ്ങളിലും ശീതളപാനീയങ്ങളിലും തുടങ്ങി സോസുകളിലും പാക്ക് ചെയ്ത ഭക്ഷണങ്ങളിലും വരെ പഞ്ചസാര ഒരു മുഖ്യ ഘടകം തന്നെയാണ് .
കഴിക്കുമ്പോൾ മധുരം ആസ്വദിക്കുമെങ്കിലും പിന്നീടുള്ള നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വലിയരീതിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട് .
ഇപ്പോഴിതാ പഞ്ചസാര എങ്ങിനെയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് കാർഡിയോളജിസ്റ്റ് ഡോ. സാകേത് ഗോയൽ .
അമിതമായ പഞ്ചസാരയുടെ ഉപയോഗം മാനസികാരോഗ്യത്തെ തകരാറിലാക്കുമെന്നും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും സാകേത് വ്യക്തമാക്കുന്നുണ്ട് .
'പഞ്ചസാര കഴിക്കുമ്പോൾ ശരീരം ഇൻസുലിൻ ഹോർമോൺ പുറത്തുവിടുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇൻസുലിൻ കാരണമാകും.
അതുകൊണ്ടാണ് നമ്മൾ മിതമായ അളവിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ പോലും അധികമുള്ള പഞ്ചസാര ശരീരഭാരം വർധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതും.
ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ഒരു അടിസ്ഥാന നിയമമുണ്ടെങ്കിൽ അത് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നതാണ്.
ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയും അതിന് പകരമുള്ള വസ്തുക്കളും ഒഴിവാക്കുക.
ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഹൃദയം, മെറ്റബോളിസം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ സംരക്ഷിക്കാനും സഹായിക്കും.ഡോക്ടർ പറയുന്നു .

