കാൻസർ ഉൾപ്പെടെ രോഗസാധ്യത ;'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീ ബാഗുകൾക്ക് ഇന്ത്യയിൽ നിരോധനം

ന്യൂഡൽഹി: കാൻസർ ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകുന്ന 'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീബാഗുകൾക്ക് ഇന്ത്യയിൽ വിലക്ക് . ദേശീയ നിലവാര നിർണ്ണയ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആണ് ഇത്തരത്തിൽ നടപടിയെടുത്തത് . ടീബാഗ് പേപ്പർ നിർമിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ.രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതിനൊപ്പം ടീബാഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിർമാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി തുടങ്ങിയവ ലേബലിൽ ഉൾക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു.
ബിഐഎസ്, പ്രധാന നിർദേശങ്ങൾ
പേപ്പർ മരം, മുള എന്നിവയിൽ നിന്നുണ്ടാക്കുന്ന പൾപ്പ് (വെർജിൻ പൾപ്പ്) ഉപയോഗിച്ചു മാത്രമേ ടീ ബാഗ് നിർമിക്കാവൂ
ടീ ബാഗുകളുടെ ബലം കൂട്ടാൻ വാഴനാരുകൾ ഉപയോഗിക്കാം.
മൈക്രോ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ടീ ബാഗുകൾ പാടില്ല.
ടീ ബാഗിനെ ടാഗുമായി ബന്ധിപ്പിക്കുന്ന നൂൽ പരുത്തി കൊണ്ട് മാത്രം നിർമിച്ചവയാകണം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന ടീ ബാഗുകളിൽ ഒന്നു മുതൽ നാല് ഗ്രാം വരെ തേയില ഉണ്ടായിരിക്കണം.
ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വലിയ ടീ ബാഗുകളിൽ നാല് മുതൽ 25 ഗ്രാം വരെ തേയില ഉണ്ടാകണം.
ടീബാഗിൽ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന മഷി ഫുഡ് പാക്കേജിങ് ചട്ടപ്രകാരം അനുവദിച്ചിട്ടുള്ളതാകണം.

