കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാം ;ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ

കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന അമിതവണ്ണം നിയന്ത്രിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, പെരുമാറ്റപരമായ പിന്തുണ എന്നിവയ്ക്കാണ് മാർഗനിർദേശങ്ങളിൽ പ്രധാന്യം നൽകുന്നത്.
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തണം
കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന തരത്തിലുള്ള സമീകൃത ഭക്ഷണമാണ് പ്രധാനമെന്ന് WHO വ്യക്തമാക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും പഞ്ചസാരയും ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും വേണം.
പഞ്ചസാര ചേർത്ത പാനീയങ്ങൾ, അമിതമായി സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, പോഷകമൂല്യം കുറവുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുന്നതും പ്രധാനമാണ്. കുട്ടിയുടെ പ്രായത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ഭക്ഷണക്രമം ക്രമീകരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
ദിവസവും ശാരീരികമായി സജീവമായിരിക്കാം
വ്യായാമം കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയുടെ ഭാഗമാണ്. കളികൾ, ഓട്ടം, സൈക്കിൾ ചവിട്ടൽ, നീന്തൽ, നൃത്തം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ കൂടുതൽ സജീവമാക്കാം. 5–17 വയസ്സുള്ള കുട്ടികളും കൗമാരക്കാരും ആഴ്ചയിലെ ദിവസങ്ങളിൽ ശരാശരി ദിവസവും കുറഞ്ഞത് 60 മിനിറ്റ് മിതമായതോ ശക്തമായതോ ആയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് WHOയുടെ പൊതുവായ ശുപാർശ.
മൊബൈൽ ഉപയോഗം
മണിക്കൂറുകളോളം മൊബൈൽ ഫോണും ടിവിയും കംപ്യൂട്ടറും ഉപയോഗിച്ച് ഇരിക്കുന്നത് കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കാൻ ഇടയാക്കാം. പഠനത്തിനും വിനോദത്തിനും സ്ക്രീൻ ഉപയോഗിക്കുന്ന സമയത്തിനൊപ്പം കളിക്കാനും നടക്കാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾക്ക് അവസരം നൽകണം. മതിയായ ഉറക്കവും ക്രമമായ ദിനചര്യയും ആരോഗ്യകരമായ വളർച്ചയ്ക്ക് പ്രധാനമാണ്. ഉറക്കക്കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവ ഒരുമിച്ച് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാം.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ ശുപാർശ ചെയ്യുന്നില്ല
പുതിയ WHO മാർഗനിർദേശങ്ങളിലെ പ്രധാന നിർദേശങ്ങളിലൊന്നാണ് ചികിത്സയിൽ മരുന്നുകളെ ആശ്രയിക്കുന്നതിലുള്ള നിയന്ത്രണം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിതവണ്ണം ചികിത്സിക്കാൻ വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ, ബാരിയാട്രിക് ശസ്ത്രക്രിയ, വണ്ണം കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ WHO ശുപാർശ ചെയ്യുന്നില്ല.
10–19 വയസ്സുള്ള കൗമാരക്കാരിൽ, അംഗീകൃത മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ പരിഗണിക്കാമെങ്കിലും അതിന് കർശനമായ നിബന്ധനകളുണ്ട്. ആരോഗ്യവിദഗ്ധരുടെ മേൽനോട്ടത്തിൽ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനം, പെരുമാറ്റത്തിലെ മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ചികിത്സ നൽകിയിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് മരുന്നുകൾ പരിഗണിക്കേണ്ടത്.
ഗുരുതരമായ അമിതവണ്ണമുള്ള കൗമാരക്കാരിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശസ്ത്രക്രിയയും പരിഗണിക്കാം. അതിനാൽ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശമില്ലാതെ വണ്ണം കുറയ്ക്കാനുള്ള മരുന്നുകളോ സപ്ലിമെന്റുകളോ നൽകുന്നത് ഒഴിവാക്കണം.

