Kaumudi Plus

137 ക്യാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറയും

137 ക്യാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറയും
X

ന്യൂഡല്‍ഹി: രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം . 137 ക്യാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറയും .ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയായ എന്‍പിപിഎ ആണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.മരുന്നുകളുടെ വിതരണത്തിലും വില്‍പ്പനയിലുമുള്ള അമിത വ്യാപാര ലാഭവിഹിതം നിയന്ത്രിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 137 ക്യാന്‍സര്‍ മരുന്നുകളുടെ ലാഭവിഹിതം പരമാവധി 30 ശതമാനമായി നിജപ്പെടുത്തി. മരുന്നുകളുടെ നിലവിലെ വിലനിര്‍ണയ ഘടന അനുസരിച്ചായിരിക്കും യഥാര്‍ഥ വിലക്കുറവ്. വിവിധ തരം കാന്‍സറുകള്‍ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരും. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഡെനോസുമാബ് , ക്യാന്‍സര്‍ രോഗികളില്‍ ന്യൂട്രോപീനിയ തടയാന്‍ ഉപയോഗിക്കുന്ന പെഗ്ഫില്‍ഗ്രാസ്റ്റിം എന്നിവയും പട്ടികയിലുണ്ട്.കോളന്‍, അണ്ഡാശയം, ഗര്‍ഭാശയമുഖം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ബെവാസിസുമാബ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും വിലനിയന്ത്രണം ബാധകമാണ്. പെംബ്രോലിസുമാബ്, ഡുര്‍വാലുമാബ്, ഒസിമെര്‍ട്ടിനിബ് തുടങ്ങിയ മരുന്നുകളും പുതിയ തീരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകള്‍ക്കും തീരുമാനം ബാധകമാണ്. പേറ്റന്റ് ഉള്ളതും ഇല്ലാത്തതുമായ മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.

Next Story
Share it