Kaumudi Plus

ന്യൂജന്‍ അമ്മമാരും കുട്ടികളും; പേരന്റിംഗ് മാറുന്നു

Parenting tips

ന്യൂജന്‍ അമ്മമാരും കുട്ടികളും; പേരന്റിംഗ് മാറുന്നു
X


രശ്മി മോഹന്‍ എ.

ചൈല്‍ഡ്

ഡെവലപ്മെന്റ്

തെറാപ്പിസ്റ്റ്

എസ്.യു.ടി. ആശുപത്രി

പട്ടം, തിരുവനന്തപുരം

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പവിത്രവും പകരം വയ്ക്കാനാവാത്തതുമാണ്. മുന്‍കാലങ്ങളില്‍, അമ്മമാരെ ഏറെ ബഹുമാനിക്കുകയും അവരുടെ ത്യാഗങ്ങള്‍ നന്ദിയോടെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, ഈ ബന്ധം നാമമാത്രമായി മാറുന്നു.

പുതുതലമുറയിലെ അമ്മമാര്‍ ഒന്നിലധികം റോളുകള്‍ കൈകാര്യം ചെയ്യുന്നു. ജോലി, തൊഴില്‍, വീട്ടുകാര്യങ്ങള്‍, കുഞ്ഞുങ്ങളുടെ ക്ഷേമം എന്നിവ പരാതിയില്ലാതെ കൈകാര്യം ചെയ്യുന്നു. കുട്ടികളെ ഉത്തരവാദിത്തമുള്ളവരും സന്തുഷ്ടരുമായി വളര്‍ത്തുന്നതിനുള്ള അമ്മമാരുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു. യുവതലമുറ ചിലപ്പോള്‍ ഈ ശ്രമങ്ങളെ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളെ നേര്‍വഴിക്ക് വളര്‍ത്തുന്നതിന്റെ ഭാഗമായി ചില കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ വയ്ക്കുകയോ ഉപദേശിക്കുകയോ ശകാരിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് തെറ്റായി വ്യാഖ്യാനിക്കുന്നു. ഇത് കുട്ടികളും അമ്മയും തമ്മിലുള്ള വൈകാരിക അകലം ഉണ്ടാകുന്നതിലേക്കോ മറ്റു തെറ്റായ തീരുമാനങ്ങളിലേക്കോ എത്തിക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയ ആധിപത്യം പുലര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, അമ്മമാരോടുള്ള വാത്സല്യം പലപ്പോഴും മാതൃദിനം പോലുള്ള പ്രത്യേക അവസരങ്ങളിലെ പോസ്റ്റുകളിലും ചിത്രങ്ങളിലും മാത്രമായി ചുരുങ്ങുന്നു. ഈ പ്രവൃത്തികള്‍ താല്‍ക്കാലിക സന്തോഷം നല്‍കിയേക്കാം. എന്നാല്‍, അമ്മമാര്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് വൈകാരിക ബന്ധവും പിന്തുണയുമാണ്. അവര്‍ കുട്ടികള്‍ക്ക് നല്‍കിയ അതേ പരിചരണം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പോലും തങ്ങളുടെ ശാരീരിക മാനസിക ക്ഷേമത്തെ പറ്റി അന്വേഷിക്കുകയും ദിവസവും കുറച്ചു നേരം അവര്‍ക്കായി മാറ്റി വയ്ക്കുകയും ചെയ്യണം.

സഹായത്തിന് ഒരാളെ നിര്‍ത്തുന്നതോ സുരക്ഷിത്വത്തിനായി വൃദ്ധസദനത്തില്‍ ആക്കുന്നതോ അമ്മമാരോടുള്ള മക്കളുടെ സ്‌നേഹത്തിനും സാമീപ്യത്തിനും പകരമാവില്ല. പ്രായമാകുമ്പോള്‍, അമ്മമാര്‍ കുട്ടികളുടെ ശാരീരികവും വൈകാരികവുമായ സാന്നിധ്യം പ്രതീക്ഷിക്കുന്നു. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ദൈനംദിന സംഭാഷണം പോലും അവര്‍ക്ക് വളരെയധികം ആശ്വാസം നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്കും, അവരുടെ സന്തോഷങ്ങളും വിഷമങ്ങളും അമ്മമാരുമായി പങ്കിടേണ്ടത് അനിവാര്യമാണ്. അമ്മയുടെ അറിവും ജീവിതാനുഭവവും പലപ്പോഴും കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുന്നു. ബഹുമാനം, തുറന്ന ആശയവിനിമയം, സഹാനുഭൂതി എന്നിവ ശക്തമായ ഒരു മാതൃ-ശിശു ബന്ധത്തിന്റെ അടിത്തറയായി മാറുന്നു.

ഈ പവിത്രമായ ബന്ധം ഒരു ഔപചാരികതയിലേക്ക് ചുരുങ്ങാന്‍ നമ്മള്‍ അനുവദിക്കരുത്. പകരം, സമയം, സ്‌നേഹം, സാമീപ്യം എന്നിവ കൊണ്ട് നമുക്ക് അത് മുന്നോട്ട് കൊണ്ടുപോകാം. അമ്മയുടെ സ്‌നേഹം പരിമിതിയില്ലാത്തതാണ്; അതിന് തുല്യമായ രീതിയില്‍ തന്നെ നാം അത് മനസ്സിലാക്കി പെരുമാറേണ്ടതാണ്.

പുതിയ തലമുറയില്‍ അമ്മമാരും കുട്ടികളും തമ്മിലുള്ള ബന്ധം പരസ്പര ബോധവല്‍ക്കരണത്തിലൂടെയും വിശ്വാസത്തിലൂടെയും സുന്ദരമാക്കേണ്ടതുണ്ട്. സ്‌നേഹം, സമയം, കൃത്യമായ ആശയവിനിമയം എന്നിവയുടെ സംയോജനം ഈ ബന്ധത്തെ ശക്തിപ്പെടുത്തും.

കാലം മാറുന്നു, സമൂഹം മാറുന്നു, അതോടൊപ്പം മനുഷ്യരുടെ ബന്ധങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. പഴയ തലമുറയില്‍ അമ്മമാര്‍ എല്ലായിപ്പോഴും വീട്ടിലിരുന്ന് കുഞ്ഞുങ്ങളെ വളര്‍ത്തുകയും, അവരുടെ എല്ലാ കാര്യങ്ങളിലും നേരിട്ട് പങ്കാളികളാവുകയും ചെയ്തിരുന്നു. ഇന്നത്തെ കാലത്ത് മാതൃത്വം പുതുമയുടെ വഴിയാണ് കടന്നുപോകുന്നത്. തൊഴില്‍ കൊണ്ടോ, വിദ്യാഭ്യാസത്തിനായോ വീട്ടില്‍ നിന്ന് അകലെ കഴിയുന്ന അമ്മമാര്‍ ഇന്ന് സാധാരണമാണ്. അതിനൊപ്പം അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ പൂര്‍ണ്ണമായ ബന്ധം നിലനിര്‍ത്തുന്നതിനുള്ള ശ്രമവും ഉണ്ടാവേണ്ടതുണ്ട്.

പുതുതലമുറയിലെ മാതൃത്വത്തിന്റെ പ്രത്യേകതകള്‍

* കുട്ടികളെ വളര്‍ത്തുന്നതില്‍ ടെക്‌നോളജിയുടെ സഹായം തേടുന്നു

* സ്വതന്ത്ര്യം നല്‍കി വളര്‍ത്തുന്ന രീതി

* വ്യക്തിസ്വഭാവം വളര്‍ത്തുന്നതില്‍ പ്രാധാന്യം നല്‍കുന്നു

* കല്യാണം കഴിക്കാത്ത പങ്കാളികളിലെ മാതൃത്വം


Next Story
Share it