കീമോതെറാപ്പി, ഡയാലിസിസ് രോഗികൾക്ക് ഓറൽ ഹെൽത്ത് നിർണായകം';ഡോ. എസ് കെ പത്മകുമാർ

മലയാളികളുടെ ആരോഗ്യശീലങ്ങളിൽ ദന്തസംരക്ഷണത്തിന് അതീവ പ്രാധാന്യമുണ്ട് .പുഞ്ചിരിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസത്തിനപ്പുറം പല്ലുകളുടെ ആരോഗ്യാവസ്ഥ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയുകയാണ് കേരള പൊലീസിന്റെ മുഖ്യ ഫോറൻസിക് ദന്തരോഗ വിദഗ്ധനായ ഡോ. എസ് കെ പത്മകുമാർ.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
പല്ലുകളിലുണ്ടാകുന്ന അണുബാധ പലപ്പോഴും ആരും അത്ര കാര്യമാക്കാറില്ല, എന്നാൽ ഇത് നമ്മുടെ തലച്ചോറിനെ വരെ ബാധിക്കാമെന്ന് ഡോ. പത്മകുമാർ പറയുന്നു . നമ്മുടെ ശരീരത്തിലെ മിക്ക സിരകൾക്കും വാൽവുകളുണ്ട്. എന്നാൽ വാൽവുകളില്ലാത്ത സിരകൾ പല്ലുകളുടെ ഭാഗത്തുണ്ട്. ഇവ തലച്ചോറിനെ ചുറ്റിപ്പിറ്റിയുള്ള ദ്രാവകവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. പല്ലുകളിൽ ബാധിക്കുന്ന അണുബാധ ഈ സിരകളിലൂടെ തലച്ചോറിനെ ബാധിക്കാനും മെനിഞ്ചൈറ്റിസിലേക്ക് നയിക്കാനും കാരണമാകാമെന്ന് അദ്ദേഹം പറയുന്നു.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത് സാധാരണമായി കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ കീമോതെറാപ്പി, റേഡിയേഷൻ, ഡയാലിസിസ് അല്ലെങ്കിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് ഓറൽ ഹെൽത്ത് വളരെ പ്രധാനമാണ്. ചികിത്സയ്ക്ക് മുൻപ് വായിലെ അണുബാധയുടെ സാധ്യത കണ്ടെത്തി അത് പരിഹരിക്കണമെന്നും അദ്ദേഹം പറയുന്നു.ആളുകൾ ടൂത്ത് പേസ്റ്റുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ പേസ്റ്റുകളെക്കാൾ പ്രാധാന്യം നൽകേണ്ടത് പല്ലു തേക്കുന്ന രീതിക്കാണെന്ന് ഡോ. പത്മകുമാർ ചൂണ്ടിക്കാണിക്കുന്നു. ഫ്ലൂറോയിഡ് അടങ്ങിയ പേസ്റ്റ് ഒരു പരിധിവരെ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാം. പക്ഷെ അത് നിർബന്ധമില്ല. ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ പല്ലുകൾക്ക് ചെറിയ തോതിൽ തേയ്മാനം സംഭവിക്കുന്നുണ്ട്. നന്നായി ചവച്ചരച്ചു കഴിക്കുന്നവരുടെ പല്ലുകളിൽ തേയ്മാനം കണ്ടെത്തിയിട്ടുണ്ട്.ബ്രഷ് ചെയ്യുമ്പോഴും ഇതേ തേയ്മാനം സംഭവിക്കാം. ഉമിക്കിരി പോലുള്ള കട്ടിയുള്ള വസ്തുക്കൾ തേയ്മാനത്തിൻ്റെ അളവു വേഗതയും കൂട്ടാം. ടൂത്ത് പേസ്റ്റ് അല്ലെങ്കിൽ ടൂത്ത് പൗഡർ ഉപയോഹിക്കുന്നത് ഈ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും. അതുപോലെ പല്ലുകൾ തേക്കുന്ന രീതിയും പ്രധാനമാണ്. സൈഡിലേക്ക് പല്ലുകൾ തേക്കുന്നതിനെക്കാൾ മുകളിലോട്ടും താഴേക്കും ചലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.
ടങ് ക്ലീനർ ഉപയോഗം
പല്ലു വൃത്തിയാക്കുന്നതിൻ്റെ ഭാഗമാണ് ടങ് ക്ലീനർ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത്. എന്നാൽ ശക്തിയായി ടങ് ക്ലീനർ ഉപയോഗിക്കുന്നത് നാവിന് മുകളിലെ രുചി കുമിളകളെ നശിപ്പിക്കാൻ കാരണമാകും. നാവ് വൃത്തിയാക്കാൻ സൗമ്യമായ ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

