Kaumudi Plus

അമിതമായാൽ മില്ലറ്റും വിഷം

അമിതമായാൽ മില്ലറ്റും വിഷം
X

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ ട്രെൻഡിങ്ങിലുള്ള ഭക്ഷ്യവിഭവമാണ് മില്ലറ്റ്. അരിക്കും ​ഗോതമ്പിനും പകരക്കാരനായി ഈ ചെറിയ വിത്തുകളുള്ള ധാന്യങ്ങൾ നമ്മുടെയൊക്കെ ഡയറ്റിന്റെ ഭാ​ഗമായിക്കഴിഞ്ഞു. ഇവയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. അന്നജം, പ്രോട്ടീൻ, ഫോസ്ഫറസ്, മ​ഗ്നീഷ്യം, കാൽസ്യം എന്നിവയുടെ കലവറയാണ് മില്ലറ്റുകളെന്ന് പറയാം.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പ്രമേഹ രോ​ഗികൾക്കും ഹൃദയസംബന്ധമായ രോ​ഗങ്ങളുള്ളവർക്കും മില്ലറ്റുകൾ മികച്ച ഓപ്ഷനാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും പ്രതിരോധശേഷം വർധിപ്പിക്കാനും സഹായിക്കുന്നു.

എന്നാൽ അധികമായാൽ മില്ലറ്റും വിഷമാണ്! ആരോ​ഗ്യ​ഗുണമുണ്ടെന്ന് കരുതി അമിതമായി മില്ലറ്റ് കഴിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റാഗി, തിന, കുതിരവാലി, ചോളം, ചാമ കമ്പ്/കമ്പം, വരഗ് , പനിവരഗ് (proso) എന്നിവ മില്ലറ്റുകളിലെ വിവിധ തരങ്ങളാണ്. വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ള വിളയാണിത്. മില്ലറ്റുപയോഗിച്ച് കഞ്ഞി, ദോശ, ഇടിയപ്പം, പുലാവ്, പായസം, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാം.

മില്ലറ്റ് അമിതമാകരുത്, ആരോ​ഗ്യപ്രശ്നങ്ങൾ

തൈറോയ്ഡ്: ചെറുധാന്യങ്ങളായ കമ്പം, പനിവരഗ് എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലേക്ക് അയഡിന്റെ ആ​ഗിരണം തടസപ്പെടുത്തും. അതുകൊണ്ട് തൈറോയ്ഡ് സംബന്ധമായ അസുഖമുള്ളവർ മിമതായ അളവിൽ മില്ലറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ദഹനപ്രശ്നം: നാരുകൾ കൂടുതലാതിനാൽ മില്ലറ്റ് ദഹനക്ഷമത മന്ദഗതിയിലാക്കും. ധാരാളം വെള്ളം കുടിക്കാതെ മില്ലറ്റുകൾ കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ, മലബന്ധം എന്നിവക്ക് കാരണമാകും.

പോഷകങ്ങൾ ആഗിരണം ചെയ്യും: മില്ലറ്റിലെ ഫൈറ്റിക് ആസിഡ്, ടാന്നിൻസ് എന്നിവ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ ആഗിരണം ചെയ്യുന്നത് തടയും. ഭാവിയിൽ ഇത് വിളർച്ചക്കും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാവും.

വൃക്കയിലെ കല്ല്: ചില മില്ലറ്റുകളിൽ ഓക്സലേറ്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് വൃക്കയിൽ കല്ലുണ്ടാക്കാൻ സാധ്യതയുള്ളവർക്ക് പ്രശ്നമാണ്.

ഭക്ഷ്യവിഷബാധ: ശരിയായ രീതിയിൽ സംസ്കരിക്കാത്തതോ പഴയതോ ആണെങ്കിൽ അതിൽ കാണപ്പെടുന്ന പൂപ്പൽ മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മില്ലറ്റുകൾ കുതിർത്ത്​ വെക്കണം. ഇത് ​പോഷക വിരുദ്ധ ഘടകങ്ങളെ നീക്കം ചെയ്യും. ദിവസവും കഴിക്കുന്നതിന് പകരം ഇടവിട്ട ദിവസങ്ങളിൽ കഴിക്കുക. മില്ലറ്റ് കഴിക്കുമ്പോൾ ദഹനം സുഗമമാക്കാൻ ധാരാളം വെള്ളം കുടിക്കുക.

Next Story
Share it