സ്കൂൾതലത്തിൽ മാത്രമല്ല ;തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് "ആർത്തവഅവധി" ബാധകമാക്കണം

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു പ്രഖ്യാപനം തന്നെ ആയിരുന്നു മൂന്ന് ദിവസം വരെ സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുക എന്നുള്ളത്. പെൺകുട്ടികൾക്ക് നൽകാവുന്ന പ്രിവിലേജുകളിൽ ഏറ്റവും പ്രധാനമാണ് ആർത്തവ അവധി.പെൺകുട്ടികൾ ആർത്തവ സമയത്ത് നേരിടുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് സർക്കാരിന്റെ ഇത്തരത്തിലുള്ള വിപ്ലവകരമായ നീക്കം ഉണ്ടായിരിക്കുന്നത് . പലപ്പോഴും ഹാജർ നഷ്ടമാകാതിരിക്കാൻ കുട്ടികൾ വേദന കടിച്ചമർത്തി ക്ലാസ്സുകളിൽ തുടരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് . എന്നാൽ സ്‌കൂൾതലത്തിൽ മാത്രമായി ആർത്തവ അവധിയെ ഒതുക്കരുതെന്നും തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് ആർത്തവ അവധി ബാധകമാക്കണമെന്നും പറഞ്ഞിരിക്കുകയാണ് പ്രമുഖ സാമൂഹിക, സ്ത്രീ സംരക്ഷണ പ്രവർത്തകയായ കെ അജിതയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഡോ. ജെ ദേവികയും .
കേരളത്തിലെ സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള തീരുമാനം നല്ലൊരു ചുവടുവെപ്പായാണ് കാണുന്നത്. ആർത്തവത്തെപറ്റി തുറന്നു സംസാരിക്കാൻ മടിച്ചു നിന്ന സമൂഹത്തിൽ നിന്ന് ആർത്തവ അവധി വരെ എത്തിനിൽക്കുന്നത് വളരെ സന്തോഷമാണ്. മൂന്ന് ദിവസം നൽകിയില്ലെങ്കിലും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും കുട്ടികൾക്ക് ആർത്തവ അവധി നൽകുന്നത് നല്ലകാര്യമായാണ് കരുതുന്നതെന്നും കെ അജിത പറയുന്നു .'പലപ്പോഴും സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ ദിവസങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശങ്കയുണ്ടാവും, മാത്രമല്ല പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാവാം. അതൊക്കെ പരിഹരിക്കാൻ മാസത്തിൽ രണ്ട് ദിവസത്തെ അവധി ഗുണം ചെയ്യും. വിദ്യാർഥികൾക്ക് മാത്രമല്ല, വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി ബാധകമാക്കണമെന്നാണ് എന്റെ അഭിപ്രായം. ക്രമേണ ഇതൊരു നിയമമായി എല്ലാ സ്ഥാപനങ്ങളിലും വരണം'-കെ അജിത വ്യക്തമാക്കി.'തൊഴിൽ ഇടങ്ങളിലും സ്ത്രീകൾക്ക് ആർത്തവ അവധി പ്രായോഗികമാക്കണം. ആർത്തവ ദിവസങ്ങളിൽ പ്രയാസങ്ങൾ നേരിടുന്ന ഒരുപാട് സ്ത്രീകളുണ്ട്. വിവിധ തൊഴിൽ മേഖലയിൽ 50 ശതമാനത്തോളം സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ആർത്തവ അവധി നൽകേണ്ടതു കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കില്ലെന്ന് ഉടമകൾക്ക് ഒരിക്കലും തീരുമാനിക്കാൻ കഴിയില്ല. സ്ത്രീകൾ ഇല്ലാതെ തൊഴിൽ മേഖല മുന്നോട്ടു പോകില്ല'.
'ഏത് നിയമം വന്നാലും അതു ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമങ്ങൾ വന്നിട്ട് അതെല്ലാം വെള്ളം ചേർത്തില്ലേ... സ്ത്രീകൾക്കുള്ള നിയമങ്ങളിൽ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾ ബാധകമാവുക. മറ്റ് തരത്തിലുള്ള ക്രിമിനൽ ആക്ടിവിറ്റികൾക്ക് ഇതൊരു പ്രശ്‌നമല്ല. സ്ത്രീകൾക്ക് എന്തെങ്കിലും ആനുകൂല്യം വരുന്നുണ്ടെങ്കിൽ അത് പാരവയ്ക്കാനുള്ള ഒരു പ്രത്യേക മാനസികാവസ്ഥ നമ്മുടെ സമൂഹത്തിനുണ്ട്. അതിൽ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല. ഇതെല്ലാം മാറിയെ തീരൂ എന്ന അഭിപ്രായമാണ് എനിക്കുള്ളത്'
'കുട്ടികൾക്കും നിർബന്ധിത അവധി നൽകണമെന്നല്ല, ആർത്തവം എല്ലാവർക്കും എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കില്ല. ആവശ്യമുള്ളവർക്ക് നിർബന്ധമായും അവധി കിട്ടണം. അവധി ചോദിക്കാൻ കുട്ടികൾ മടിക്കേണ്ടതില്ല. ഇതൊരു പോസിറ്റീവ് കാര്യമായി കണ്ട് ആവശ്യക്കാർക്ക് ഉപയോഗപ്പെടുത്താനുള്ള സാഹചര്യം ഒരു ഓപ്ഷനൽ എന്ന നിലയിൽ നൽകാം'- കെ അജിത പറയുന്നു.ആർത്തവ സമയം ഏറെ പ്രയാസപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. സ്കൂൾ വിദ്യാർഥിനികളെക്കാൾ ആർത്തവ അവധി ആവശ്യം വരിക തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ്. ആ സമയം അവർക്ക് വിശ്രമം ആവശ്യമായി വന്നാൽ തീർച്ചയായും അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഡോ. ജെ ദേവിക പറയുന്നു. തൊഴിലാളികളുടെ അവകാശത്തിൽ പെടുന്ന ആവശ്യങ്ങളിലൊന്നാണിത്. നിർബന്ധിത അവധി എന്ന നിലയിൽ അല്ലെങ്കിലും ഓപ്ഷനൽ എന്ന തരത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആർത്തവ അവധി നൽകണമെന്നതാണ് തൻ്റെ അഭിപ്രയമെന്ന് ഡോ. ജെ ദേവിക പറയുന്നു. പ്രത്യേകിച്ച്, വീട്ടു ജോലി അല്ലെങ്കിൽ കടകളിൽ മണിക്കൂറുകളോളം നിന്നു ജോലി ചെയ്യുന്ന സ്ത്രീകൾക്ക്.
ദുരുപയോഗം ചെയ്യുമെന്ന വാദത്തിൽ സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്ന് മാറ്റിനിർത്താൻ സാധിക്കില്ലെന്നും ഡോ. ജെ ദേവിക പറയുന്നു. ആർത്തവ അവധി നൽകുന്നതിലൂടെ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ആർത്തവത്തെ കുറിച്ച് തുറന്ന് സംസാരിക്കാനും അത് നോർമലൈസ് ചെയ്യാനും ഗുണം ചെയ്യും.
എന്നാൽ ആർത്തവ അവധി ഒരിക്കലും ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് കരുതരുത്. കഠിനമായ വേദനയിലൂടെ കുട്ടികൾ കടന്നു പോകേണ്ടതില്ല. ഒരു സ്‌കൂൾ വിദ്യാർഥിനി ആർത്തവ ദിവസങ്ങളിൽ തുടർച്ചയായി മൂന്ന് മാസം കഠിനമായ വേദനയെ തുടർന്ന് അവധി എടുക്കുന്നുണ്ടെങ്കിൽ ആ വേദന തീർച്ചയായും പരിഹരിക്കപ്പെടേണ്ടതാണെന്നും ഡോ. ജെ ദേവിക കൂട്ടിച്ചേർത്തു.

