കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം?

സീസണായൽ വഴിയോരത്ത് പല ഇനങ്ങളിലുള്ള മാമ്പഴങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നത് കാണാൻ സാധിക്കും . നല്ല പഴുത്ത മാമ്പഴം കാണുമ്പോൾ വാങ്ങി കഴിക്കാൻ തോന്നുന്നത് സ്വാഭാവികം. എന്നാൽ വാങ്ങുന്നതിന് മുൻപ് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.സീസൺ ആണെങ്കിലും കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് പാകമാകാത്ത മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്ന രീതി ഇപ്പോഴും വ്യാപകമാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത ഇവ കഴിച്ചാൽ തലവേദന, തലകറക്കം, ഛർദ്ദി, നാഡീതളർച്ച എന്നിവയ്ക്ക് കാരണമാകാം.
എന്തുകൊണ്ട് കാൽസ്യം കാർബൈഡ്
കാൽസ്യം കാർബൈഡ് അസറ്റിലീൻ എന്ന വാതകം പുറത്തുവിടുന്നു. ഇതിൽ ആർസെനിക്, ഫോസ്ഫറസ് എന്നിവയുടെ അംശം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇത് തലകറക്കം, ഛർദ്ദി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ചർമത്തിൽ അൾസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ത്യയിൽ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്.നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കഴിച്ചാൽ ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാവുക.
കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം
ഒരു ലാബ് പരിശോധനയിലൂടെ മാത്രമേ 100 ശതമാനം ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാനാകൂ. എങ്കിലും കാൽസ്യം കാർബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങ സാധാരണക്കാർക്ക് തിരിച്ചറിയാൻ മൂന്ന മാർഗങ്ങളാണ് പ്രധാനമായും ഉള്ളത്.തൊലി ശ്രദ്ധിക്കുക: സ്വഭാവികമായി പഴുത്ത മാങ്ങയുടെ തൊലിയുടെ എല്ലാഭാഗവും ഒരുപോലെ കാണപ്പെടും. തൊലിയിൽ നിറവ്യത്യാസം ഉണ്ടായാൽ അത് കൃത്രിമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. കൂടാതെ തൊലിയിൽ കറുത്ത കുത്തുകൾ വീണിട്ടുണ്ടെങ്കിൽ അത്തരം മാമ്പഴം വാങ്ങരുത്.പ്രഷർ ടെസ്റ്റ് നടത്തുക: മാമ്പഴം പുറമെ പിടിച്ച ഉടൻ മൃദുവായി തോന്നുന്നത് അത് കൃത്രിമായി പഴുപ്പിച്ചതു കൊണ്ടാകാം. മാമ്പഴത്തിന് സ്വാഭാവികമായി അൽപ്പം കട്ടിയുണ്ടാകും.
വെള്ളത്തിലിട്ട് പരിശോധന: ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാങ്ങ അതിൽ മുക്കുക. മാമ്പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അവ കൃത്രിമമായി പഴപ്പിച്ചതാകാം. കാരണം, കാൽസ്യം കാർബൈഡിന്റെ ഉപയോഗം മാങ്ങയിലെ പൾപ്പിന്റെ അളവ് കുറയ്ക്കുകയും അതിനെ ഭാരം കുറഞ്ഞതാക്കുകയും ചെയ്യുന്നു, അതിനാൽ അത് പൊങ്ങിക്കിടക്കുകയും മുങ്ങാതിരിക്കുകയും ചെയ്യും.

