Kaumudi Plus

ആരോ​ഗ്യകരമായി എങ്ങനെ കനത്ത ചൂടിനെ നേരിടാം

ആരോ​ഗ്യകരമായി എങ്ങനെ കനത്ത ചൂടിനെ നേരിടാം
X

സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ 11 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ആരോ​ഗ്യകരമായി എങ്ങനെ കനത്ത ചൂടിനെ നേരിടാം എന്ന് നോക്കാം.

നിർജ്ജലീകരണം തടയാൻ മുൻകരുതൽ

വേനൽക്കാലത്ത് ശരീരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിർജ്ജലീകരണമാണ്. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പുറത്ത് വെയിൽ അധികമായി കൊള്ളുന്നവർ ദിവസം കുറഞ്ഞത് മൂന്ന് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങൾക്കും ചായയ്ക്കും പകരം പ്രകൃതിദത്തമായ ഇളനീർ, സംഭാരം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്താണ് സൂര്യപ്രകാശം ഏറ്റവും ശക്തമാകുന്നത്. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് സൂര്യാഘാതത്തിന് കാരണമായേക്കാം.

വസ്ത്രധാരണം

വേനൽക്കാലത്ത് ഏറ്റവും അനുയോജ്യം കോട്ടൺ വസ്ത്രങ്ങളാണ്. കറുപ്പ് പോലെയുള്ള ഇരുണ്ട നിറങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുമെന്നതിനാൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഷാളുകളും തൊപ്പികളും ധരിക്കുമ്പോൾ അത് കടുപ്പമില്ലാത്ത തുണികൊണ്ടുള്ളതാണെന്ന് ഉറപ്പാക്കുക. വെയിലത്ത് നടക്കുമ്പോൾ കുട ഉപയോഗിക്കുന്നത് ഒരു പരിധിവരെ നേരിട്ടുള്ള താപം തടയാൻ സഹായിക്കും.

ഭക്ഷണരീതിയിൽ മാറ്റം വരുത്താം

അമിതമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കാം. പ്രത്യേകിച്ച് തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിന് തണുപ്പ് നൽകും. വഴിയോരത്തെ തട്ടുകടകളിൽ നിന്നുള്ള തുറന്നുവെച്ച ഭക്ഷണങ്ങളും ഐസ് ഇട്ട പാനീയങ്ങളും ഒഴിവാക്കുന്നത് വയറിളക്കം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കും.

Next Story
Share it