Kaumudi Plus

"എച്ച്-വൺ എൻ-വൺ "പ്രതിരോധവും ലക്ഷണങ്ങളും

എച്ച്-വൺ എൻ-വൺ പ്രതിരോധവും ലക്ഷണങ്ങളും
X

എച്ച് വൺ എൻ വൺ രോ​ഗ ലക്ഷണങ്ങൾ

വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻ വൺ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാം. ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ ഈ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും.ഇളം ചൂടുള്ള കഞ്ഞിവെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുവാനും പൂർണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കണം. ചുമ മര്യാദകൾ പാലിക്കുവാനും (തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും) ശ്രദ്ധിക്കണം.

പ്രതിരോധ മാർഗങ്ങൾ

മാസ്ക് ധരിക്കുക: ആശുപത്രികൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക. രോഗലക്ഷണമുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.

ശുചിത്വം: കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്.

സമ്പർക്കം ഒഴിവാക്കുക: രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക. പനിയുള്ള കുട്ടികളെ സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിൽ അയക്കരുത്.

സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ തേടണമെന്നും ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

Next Story
Share it