മറവി രോഗം: സാധ്യത ആര്‍ക്കൊക്കെ?
Dementia: all you need to know

ഡോ. സുശാന്ത് എം.ജെ.
കണ്‍സള്‍ട്ടന്റ്
ന്യൂറോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
അല്‍ഷിമേഴ്സ് രോഗം വരാന്‍ പ്രേരകമാകുന്ന ഘടകങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാം. ഒപ്പം തന്നെ അല്‍ഷിമേഴ്സ് രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട ചികിത്സ ഒട്ടും താമസിക്കാതെ തുടങ്ങുകയും ചെയ്യണം. രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ ചേര്‍ത്തുനിര്‍ത്തുകയും വേണം. രോഗ തീവ്രതയ്ക്കു കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതിനു പുറമെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഡിമന്‍ഷ്യയുടെ അപകട സാധ്യത മാത്രമല്ല, വിട്ടുമാറാത്ത മറ്റു അവസ്ഥകളും കുറയ്ക്കുന്നു.
പ്രായം കൂടുന്നതനുസരിച്ച് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത കൂടുന്നു. 65 നു മേല്‍ പ്രായമുള്ള പത്തില്‍ ഒരാള്‍ക്കും 85 നു മേല്‍ പ്രായമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ക്കും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തില്‍ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം എന്നിവയൊക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
അപകട ഘടകങ്ങള്‍
* വ്യായാമക്കുറവ്: മുതിര്‍ന്നവര്‍ ഓരോ ആഴ്ചയും 150 മിനിറ്റ് മിതമായ എയ്റോബിക് ആക്ടിവിറ്റി അല്ലെങ്കില്‍ 75 മിനിറ്റ് തീവ്രമായ എയ്റോബിക് ആക്ടിവിറ്റി ചെയ്യുക
* പുകവലി
* അമിത മദ്യപാനം
* വായുമലിനീകരണം: ഭരണാധികാരികള്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണം. പ്രത്യേകിച്ച് ഉയര്‍ന്ന വായു മലിനീകരണമുള്ള പ്രദേശങ്ങളില്‍
* തലയ്ക്ക് പരിക്കേല്‍ക്കുന്നത്
* സാമൂഹിക സമ്പര്‍ക്കം കുറയുന്നത്: ഒരു ക്ലബ്ബിലോ കമ്മ്യൂണിറ്റി ഗ്രൂപ്പിലോ ചേരുന്നത് സാമൂഹികമായി സജീമവായി തുടരാനുള്ള നല്ല മാര്‍ഗ്ഗമാണ്
* കുറഞ്ഞ വിദ്യാഭ്യാസം: താഴ്്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം അല്‍ഷിമേഴ്സ് രോഗം വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്. എല്ലാവരുടെയും ബാല്യകാല വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കണം
* അമിതവണ്ണം: പ്രത്യേകിച്ച് മധ്യവയസ്‌കരിലുള്ള അമിതവണ്ണം ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു
* രക്താദിമര്‍ദ്ദം
* പ്രമേഹം
* വിഷാദം: വിഷാദ രോഗം നിയന്ത്രിക്കുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്. കാരണം അത് അല്‍ഷിമേഴ്സ് വരാനും അതിന്റെ തീവ്രത കൂട്ടുവാനും കാരണമാകുന്നു.
* ശ്രവണ വൈകല്യം: കേള്‍വിക്കുറവ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നത് അപകട സാധ്യത കുറയ്ക്കുന്നതായി കാണുന്നു.
മറവിരോഗത്തിന്റെ 10 അപകട സൂചനകള്‍
1. ഓര്‍മ്മക്കുറവ്
2. ഒരിക്കല്‍ എളുപ്പമായിരുന്ന ജോലുകള്‍ ഇപ്പോള്‍ ചെയ്തു പൂര്‍ത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട്
3. ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍, എഴുതുന്നതിലും സംസാരിക്കുന്നതിലും ബുദ്ധിമുട്ട്
4. സമയത്തെപ്പറ്റിയും സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം
5. കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്്
6. സാധനങ്ങള്‍ എവിടെ വച്ചു എന്ന് മറന്നു പോകുന്നു
7. അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ സാധനങ്ങള്‍ വയ്ക്കുക
8. മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങള്‍
9. ദീര്‍ഘനേരം ടിവിയുടെ മുന്നില്‍ തന്നെ ഇരുന്നാലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്്
10. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ജോലി എന്നിവയില്‍ നിന്നും പിന്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുക
രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബാംഗങ്ങളുടെ പേര് വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. ര്‍ കഴിയുന്നത്ര സ്വന്തം ലോകത്തേയ്ക്കു ഒതുങ്ങി കൂടുന്നു. ദൈനംദിന കാര്യങ്ങളില്‍ വരെ പരസഹായം വേണ്ടി വരുന്നു. കൂടെ ഉള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും, അവര്‍ തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളില്‍ ഉണ്ടാകുന്നു. ഇത് രോഗികളെ പരിചരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. പുറത്തു തനിയെ യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയും പലപ്പോഴും വീട്ടിലേയ്ക്കുള്ള വഴി തെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയുന്നു. സ്വന്തം വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഈ രണ്ടാം ഘട്ടം എട്ടു തൊട്ടു പത്തു വര്‍ഷം വരെ നീണ്ടു നില്‍കുന്നു.
മൂന്നാം ഘട്ടത്തില്‍ രോഗിയുടെ ഓര്‍മ്മകള്‍ പൂര്‍ണമായും നശിക്കും. ക്രമേണ ചലനശേഷി നശിക്കുകയും പൂര്‍ണ സമയവും കിടക്കയില്‍ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതില്‍ താല്‍പര്യം കുറയുകയും പോഷകക്കുറവും ശരീരഭാരത്തില്‍ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയില്‍ കുറവ് വരുത്തുകയും അടിക്കടിയുള്ള അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ചികിത്സാ രീതികള്‍
പൂര്‍ണ്ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു രോഗമല്ല അല്‍ഷിമേഴ്സ് രോഗം. എന്നാല്‍ വളരെ നേരത്തെ തന്നെ രോഗനിര്‍ണ്ണയം നടത്തിയാല്‍ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങള്‍ വച്ചും ഓര്‍മശേഷി നിര്‍ണയിക്കുന്ന ചോദ്യാവലികള്‍ ഉപയോഗിച്ചുമാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ സിടി അല്ലെങ്കില്‍ എംആര്‍ഐ സ്‌കാനും ചെയ്യേണ്ടതായി വരും. അല്‍ഷിമേഴ്സ് രോഗം ആണെന്ന് ഉറപ്പു വരുത്തിയാല്‍ ഓര്‍മശക്തി കൂട്ടുന്നതിനു വേണ്ടിയുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. അതോടൊപ്പം തന്നെ കൃത്യമായ ശരീര വ്യായാമവും പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടിയുള്ള വിനോദങ്ങളും ക്രോസ് വേഡ് പസില്‍സ്, ചെസ്സ് തുടങ്ങിയ ബൗദ്ധിക വ്യായമത്തിനുള്ള കളികളും ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും. നിത്യേനെ ഡയറി, അല്ലെങ്കില്‍ ചെറിയ കുറിപ്പുകള്‍, മൊബൈല്‍ റിമൈന്‍ഡര്‍ ഒക്കെ ഉപയോഗിക്കാന്‍ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള സാധനങ്ങള്‍ രോഗിയുടെ മുറിയില്‍ എളുപ്പം കൈയെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം. രോഗിയെ പരിചരിക്കുന്നവര്‍ക്ക് രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവര്‍ അടിക്കടി മാറുന്നതും, താമസിക്കുന്ന സ്ഥലം അടിക്കടി മാറുന്നതും രോഗിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയില്‍ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും ചികിത്സ നല്‍കേണ്ടതുമാണ്.
സാധരണയായി പ്രായമേറിയവരില്‍ ആണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം കാണുന്നു. അമിത ജോലിഭാരം, അമിത മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഇത്തരക്കാരില്‍ പലരുടെയും ഓര്‍മക്കുറവിനു കാരണം. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക, കൃത്യമായ വ്യായാമം ശീലമാക്കുക, സമൂഹവുമായി ഇടകലര്‍ന്നു ജീവിക്കുക, അര്‍ത്ഥവത്തായ സംവാദങ്ങളില്‍ എര്‍പ്പെടുക, ഒക്കെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. വളരെ അപൂര്‍വ്വമായി മാത്രം പാരമ്പര്യമായി അല്‍ഷിമേഴ്സ് രോഗം ചെറുപ്പക്കാരില്‍ കാണപ്പെടുന്നു.

