Kaumudi Plus

പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ

പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ
X

പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പത്തനംതിട്ടയിൽ പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.

റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാൻസാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.രക്ഷപ്പെടാൻ ശ്രമിച്ച ഇവരുടെ കാർ കുറുകെ പൊലീസ് വാഹനം നിർത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പിടികൂടിയ ഉടൻ തന്നെ ഇരുവരുടേയും മൊബൈൽ ഫോൺ സർക്കിൾ ഇൻസ്‌പെക്ടർ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ വിളിച്ചിരുന്നു.ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കൾ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്. എന്നാൽ പാർട്ടിയുമായി സഞ്ജുവിന് ഒരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വിശദീകരിക്കുന്നത്.

Next Story
Share it