മരിച്ചത് സന്ദീപ് നായരല്ല, നായിക്;ബംഗാളില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്തലിയിൽ ഉണ്ടായ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു . ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കൊല്ലപ്പെട്ടയാൾ മംഗളൂരു സ്വദേശിയാണെന്ന് ബംഗാൾ പൊലീസ് പറഞ്ഞു. ജൂൺ 9-ന് കുൾത്താലിയിലാണ് സംഭവം നടന്നത്. ദിവസങ്ങൾക്ക് ശേഷം അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയത്.കൊല്ലപ്പെട്ടയാൾ മംഗളൂരു സ്വദേശി സന്ദീപ് നായിക് ആണെന്ന് പൊലീസ് കണ്ടെത്തി. ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ടയാൾസന്ദീപ് നായർ ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ ഇയാൾ കേരളത്തിൽ നിന്നുള്ളയാളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് ആണെന്ന് കണ്ടെത്തിയത്.രണ്ട് ആഴ്ച മുൻപാണ് ഒരു സുഹൃത്തിനൊപ്പം സന്ദീപ് കുൾത്താലിയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ജൂൺ 9-ന് രാവിലെ ഇയാൾ സമീപത്തെ മാർക്കറ്റിലേക്ക് പോയി. വഴിതെറ്റിയെത്തിയത് മറ്റ് സ്ഥലത്തായിരുന്നു. അപരിചിതനായ ഒരാൾ പ്രദേശത്ത് അലക്ഷ്യമായി നടക്കുന്നത് കണ്ട് നാട്ടുകാർക്ക് സംശയം തോന്നി. ഗ്രാമീണർ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ഐഡന്റിറ്റി ചോദിക്കുകയും ചെയ്തു. എന്നാൽ സന്ദീപിന് ബംഗാളി ഭാഷ അറിയാത്തതിനാൽ നാട്ടുകാരുമായി ആശയവിനിമയം നടത്താൻ സാധിച്ചില്ല. ഇതോടെ നാട്ടുകാരുടെ സംശയം ഇരട്ടിച്ചു.
തുടർന്ന് ഒരു കൂട്ടം ഗ്രാമീണർ ചേർന്ന് ഇയാളെ കയറുകൊണ്ട് കെട്ടിയിടുകയും കള്ളനാണെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗർഭിണിയായ സ്ത്രീയോട് ഇയാൾ മോശമായി പെരുമാറിയെന്ന ആരോപണവും അക്രമത്തിന് കാരണമായതായി നാട്ടുകാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലിസ് പറയുന്നു.
റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കുൾത്താലി പൊലീസ് സ്ഥലത്തെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കൂട്ട ആക്രമണത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾ ക്രൂരമായ മർദ്ദനത്തിന് വിധേയമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതും അന്വേഷണം ആരംഭിച്ചതും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

