ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക്പരിക്ക്

കോഴിക്കോട് : ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന് നേർക്കുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരിക്ക് . പുറമേരി സ്വദേശിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകൾ നഷ്ടമായി. ആലുവ യുസി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.ഇന്നലെ രാത്രിയാണ് സംഭവം.ആലുവയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു. ട്രെയിൻ കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ എത്തിയപ്പോഴായിരുന്നു കല്ലു പതിച്ചത്. റെയിൽവേ പൊലീസ് കേസെടുത്തു.
ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുമ്പോഴായിരുന്നു കല്ലേറു കൊണ്ടത്. 17-ാം തീയതി പരീക്ഷയാണ്. അതിന് സ്റ്റഡി ലീവിന് വരുമ്പോഴായിരുന്നു പരിക്കേറ്റത്. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായി കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. പ്ലാസ്റ്റിക് സർജറി അടക്കം വേണ്ടിവരുമെന്നും രണ്ടുലക്ഷം രൂപ ചെലവു വരുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കുടുംബം അറിയിച്ചു.വന്ദേഭാരത് എക്‌സ്പ്രസിനു നേർക്കും ഇന്നലെ രാത്രി കല്ലേറുണ്ടായിട്ടുണ്ട്. സംഭവം അന്വേഷിച്ചു വരികയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

