പാവയ്ക്ക വിഭവമുണ്ടാക്കിയതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി

മുംബൈ: പാവയ്ക്ക വിഭവമുണ്ടാക്കിയതിന് മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലാണ് സുമിത്ര പെത്കുലെ എന്ന 65കാരിയെ മകൻ ജഗദീഷ് പെത്കുലെ (37) മർദിച്ച് കൊന്നത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ജഗദീഷിന്റെ അമിതമദ്യപാന ശീലം മൂലം രണ്ട് മാസം മുമ്പ് ഭാര്യ വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി.
തനിക്ക് ഇഷ്ടമല്ലാത്ത പാവയ്ക്ക എന്തിനാണ് ഇത് പാചകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. തുടർന്ന് ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ മർദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാൾ അയൽവാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്നാണ് അവർ കരുതിയത്.
അതിനാൽ ആദ്യം അവഗണിക്കുകയായിരുന്നു. സംശയം തോന്നിയ ചിലരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

