റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 8.7 കോടി മോഷ്ടിച്ചു;ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍

അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ.) കറൻസി ചെസ്റ്റിൽനിന്ന് 8.7 കോടി രൂപ മോഷ്ടിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹർസിദ്ധ കഡിയാറാണ് പിടിയിലായത്. ആർബിഐയുടെ കറൻസി ചെസ്റ്റുള്ള കലുപുർ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരനായിരുന്നു ഇയാൾ.ജനുവരി 13-ന് ഇരുമ്പുപെട്ടികളിലാണ് രണ്ട് കരാർ തൊഴിലാളികളുടെ സഹായത്തോടെ ഇയാൾ പണം കടത്തിയത്. സംശയം തോന്നാതിരിക്കാൻ ഇയാൾ ഏപ്രിൽ 20 വരെ ജോലിക്കു ഹാജരായിരുന്നു. പിന്നീട് ദീർഘകാല അവധിയിൽപ്പോയി. പുതിയ ചുമതലക്കാരൻ ജോലിക്കെത്തി ഓഡിറ്റ് നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജനുവരി 13-ന് ബാങ്കിലെത്തുന്നതും തിരിച്ച് പെട്ടികളുമായി മടങ്ങുന്നതും കണ്ടെത്തി.
ഹർസിദ്ധറിന്റെ കാറിൽനിന്ന് 2.2 കോടി രൂപ കണ്ടെടുത്തിരുന്നു. മോഷണം അറിയാതിരിക്കാൻ ആർബിഐയുടെ പോർട്ടലിൽ വ്യാജ ബാലൻസ് സർട്ടിഫിക്കറ്റുകൾ ഇയാൾ അപ്ലോഡ് ചെയ്തുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മോഷ്ടിച്ച പണം സ്വത്തുക്കൾ വാങ്ങാനും ക്രിപ്റ്റോ കറൻസിയിലേക്കും മാറ്റിയതായും കണ്ടെത്തി.

