ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്: അഞ്ചര വർഷം മുൻപ് 50 പവനുമായി കടന്ന മോഹനന്റേതല്ല കുഴിച്ചിട്ട സ്കൂട്ടർ!
Recovered scooter doesn't belong to Mohanan gone missing for five and a half years with 50 gold sovereigns

നെടുമങ്ങാട്: കരകുളത്ത് കിള്ളിയാറിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടർ, അഞ്ചര വർഷം മുമ്പ് 50 പവൻ സ്വർണവും അരലക്ഷം രൂപയുമായി കാണാതായ കുളപ്പട സ്വദേശി കെ. മോഹനന്റേതല്ലെന്ന് സ്ഥിരീകരിച്ചു.
മണ്ണിന് പുറത്തുകാണുന്ന ടയർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂട്ടർ പുറത്തെടുത്ത് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കരകുളത്താണ് മോഹനനെ അവസാനമായി കണ്ടതെന്നതിനാൽ തന്നെ ഈ സ്കൂട്ടറുമായി ബന്ധമുണ്ടാകുമെന്ന സംശയമുണ്ടായിരുന്നു. എന്നാൽ, മോഹനൻ ഉപയോഗിച്ചിരുന്നത് ഹോണ്ട ആക്ടീവ് സ്കൂട്ടറാണെങ്കിൽ, കിള്ളിയാറിൽ നിന്ന് ലഭിച്ചത് ഡിയോ സ്കൂട്ടറാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. ഷാജി വ്യക്തമാക്കി.
ഈ വാഹനം എങ്ങനെ പുഴയിൽ എത്തി കുഴിച്ചിട്ട നിലയിൽ കിടക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂട്ടർ മോഹനന്റേതല്ലെന്ന് ഉറപ്പായെങ്കിലും, സ്ഥലത്ത് വീണ്ടും വിശദമായ പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
2020 മേയ് 8-നാണ് പേരൂർക്കട സഹകരണ ബാങ്കിൽ നിന്ന് 50 പവൻ സ്വർണവും അരലക്ഷം രൂപയുമായി പറണ്ടോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് യാത്ര ചെയ്യവേ കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ താമസിക്കുന്ന കെ. മോഹനൻ (62) കരകുളത്ത് കാണാതായത്. മോഹനന്റെ ഭാര്യാസഹോദരനാണ് പറണ്ടോട് ധനകാര്യ സ്ഥാപനം നടത്തിയിരുന്നത്. അവിടെനിന്നുള്ള സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തുകയും തിരികെ എടുക്കുകയും ചെയ്തിരുന്നത് മോഹനനായിരുന്നു.
സംഭവ ദിവസം ഇരുചക്രവാഹനത്തിൽ പുറപ്പെട്ട മോഹനനെ പേരൂർക്കട–നെടുമങ്ങാട് റോഡിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കാണാതായത്. കരകുളം പഞ്ചായത്ത് ഓഫിസിനടുത്തുള്ള ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളിൽ സ്കൂട്ടറിൽ പോകുന്ന മോഹനനെ വ്യക്തമായി കാണാം. എന്നാൽ, അതിനുശേഷമുള്ള സംഭവങ്ങൾ പൂർണമായും ദുരൂഹമായി തുടരുകയാണ്. ആ ഭാഗത്ത് വൈദ്യുതി മുടങ്ങിയിരുന്നതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിക്കാത്തത് അന്വേഷണത്തിന് തടസ്സമായി.
ലോക്ക്ഡൗൺ കാലഘട്ടമായിരുന്നതിനാൽ സഞ്ചാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമയത്താണ് മോഹനൻ അപ്രത്യക്ഷനായത്. തട്ടിക്കൊണ്ടുപോകൽ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് വിവിധ ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്തെങ്കിലും, ഏറെ തിരക്കുള്ള പേരൂർക്കട–നെടുമങ്ങാട് റോഡിൽ വാഹനവുമായി ഒരാളെ തട്ടിക്കൊണ്ടുപോകുന്നത് അസാധ്യമാണെന്ന നിഗമനത്തിലെത്തി. മോഹനനെ കണ്ടെത്താൻ ബന്ധുക്കൾ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

