Kaumudi Plus

രാഹുലും ഭാര്യയുമായുള്ള വഴിവിട്ട ബന്ധം കുടുംബജീവിതം തകർത്തു; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്

രാഹുലും ഭാര്യയുമായുള്ള വഴിവിട്ട ബന്ധം കുടുംബജീവിതം തകർത്തു;  രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതിക്കാരിയുടെ  ഭർത്താവ് രംഗത്ത്
X

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പരാതി.

രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിയുമായി മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചത്.

വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും, ഇത് കുടുംബം ജീവിതം തകർത്തെന്നും മാനനഷ്ടം ഉണ്ടാക്കിയെന്നുമാണ് പരാതി.

പെൺകുട്ടിയുടെ വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പരിഹരിക്കുവാൻ വേണ്ടിയാണ് താൻ ഇടപെട്ടതെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഉൾപ്പെടെ അവകാശപ്പെട്ടത്.

എന്നാൽ രാഹുലിന്റെ വാദങ്ങൾ പൂർണമായി നിഷേധിക്കുകയാണ് പരാതിക്കാരൻ. തങ്ങൾ തമ്മിലുള്ള പ്രശ്‌നം തീർക്കാനാണ് ഇടപെട്ടത് എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം തെറ്റാണ്.

തന്റെ സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്ന പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിളിച്ചിട്ടില്ല. രാഹുൽ സാഹചര്യങ്ങൾ ചൂഷണം ചെയ്യുകയാണ് ചെയ്തത്.

ചെറിയ പ്രശ്‌നങ്ങൾ മുതലെടുത്ത് ക്രിമിനൽ ബുദ്ധിയോടെ പ്രവർത്തിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതും. യുവതിയെ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും മാങ്കൂട്ടത്തിൽ പുറത്തുവിട്ടു.

തന്നെ സൈബറിടത്തിൽ മോശമായി ചിത്രീകരിക്കാൻ രാഹുൽ ശ്രമിക്കുന്നു. തനിക്കുണ്ടായ മാനഹാനിയിൽ നടപടി വേണം.

പാലക്കാട് എംഎൽഎയ്ക്ക് എതിരെ ഭാരതീയ ന്യായ് സംഹിത 84-ാം വകുപ്പ് പ്രകാരം കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.

Next Story
Share it