Kaumudi Plus

നിതിൻ രാജ് ഹണി ട്രാപ്പിൽ ഉൾപ്പെട്ടയാൾ ;ആരോപണവുമായി അധ്യാപകൻ ഡോ. റാം

നിതിൻ രാജ് ഹണി ട്രാപ്പിൽ ഉൾപ്പെട്ടയാൾ ;ആരോപണവുമായി അധ്യാപകൻ ഡോ. റാം
X

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിനെതിരെ കടുത്ത ആരോപണങ്ങളുമായി അധ്യാപകൻ ഡോ, എം കെ റാം. നിതിൻ രാജ് ഹണിട്രാപ്പ് കേസിൽ ഉൾപ്പെട്ടയാളാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഫയീസ് എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും റാം ആരോപിക്കുന്നു. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഡോ. റാം ആ ആരോപണങ്ങൾ ഉന്നയിക്കുന്നത്.നിതിൻ രാജ് സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫയീസിൽ നിന്ന് പണം തട്ടിയെടുത്തതായി ഹർജിയിൽ ആരോപിക്കുന്നു. പിന്നീട് പ്രശ്‌നം ഒത്തുതീർപ്പാക്കി. പരാതി പിൻവലിച്ചെന്നും ഹർജിയിൽ പറയുന്നു. കാമ്പസിനുള്ളിൽ വെച്ച് ഫയീസും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതിനെത്തുടർന്ന്, പ്രശ്‌നം പരിഹരിക്കാനായി നിതിൻ അപരിചിതരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടാകാമെന്നും ഹർജിയിൽ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നിതിൻ രാജിനെ ഒരു മാസത്തോളം കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നതായും ഹർജിയിൽ വ്യക്തമാക്കുന്നു.

കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ വസ്തുതകളെക്കുറിച്ച് കൃത്യമായി അന്വേഷിക്കാതെ, തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിച്ചത്. മാധ്യമങ്ങളുടെയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഒരു വിഭാഗത്തിന്റെയും വിമർശനങ്ങളെ നിശബ്ദരാക്കി തടിതപ്പാനാണ് പൊലീസ് അനാവശ്യ തിടുക്കം കാണിച്ചതെന്നും ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.വിദ്യാർത്ഥി പ്രിൻസിപ്പാളിന്റെ മുറിയിലുണ്ടായിരുന്ന വിവരം പ്രഥമ വിവര മൊഴിയിൽ (FIS) പരാമർശിച്ചിട്ടില്ല. ആർക്കെതിരെയെങ്കിലും വിദ്യാർത്ഥി പരാതി നൽകിയിരുന്നെങ്കിൽ അത് FIS-ൽ സ്ഥാനം പിടിക്കുമായിരുന്നുവെന്നും ഡോ. റാം വാദിച്ചു. യോഗത്തിന് തൊട്ടുപിന്നാലെ നിതിൻരാജ് പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ഉടൻ തന്നെ ആത്മഹത്യ ചെയ്തതായും ഹർജിയിൽ പറയുന്നു.

Next Story
Share it