Kaumudi Plus

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: 13 കാരിയായ കൊച്ചുമകളുടെ ക്വട്ടേഷന്‍

കരുവാറ്റയിലെ ശിവൻകുട്ടിയുടെ  കൊലപാതകം: 13 കാരിയായ കൊച്ചുമകളുടെ  ക്വട്ടേഷന്‍
X

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 13-കാരിയായ കൊച്ചുമകൾ വിഡിയോ കോളിലൂടെ തത്സമയം കണ്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിനിയായ കൊച്ചുമകൾക്ക് ഐഫോൺ വാങ്ങുന്നതിനും, കൂട്ടുപ്രതികളായ കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനും വേണ്ടിയാണ് വീട്ടിൽനിന്ന് സ്വർണ്ണം കവർന്നത്. സംഭവത്തിൽ പെൺകുട്ടിയെയും മൂന്ന് വിദ്യാർത്ഥികളെയും ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന തക്കം നോക്കിയാണ് പ്രതികൾ കൃത്യം നടത്തിയത്. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ശിവൻകുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. ഈ സമയത്ത് എട്ടാം ക്ലാസുകാരിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെനിന്നിറങ്ങിയ പെൺകുട്ടിയാണ് വീട്ടിലെത്തി മുത്തച്ഛൻ മരിച്ചുകിടക്കുന്നുവെന്ന് നാട്ടുകാരെ അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ലെന്നും അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നുമായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞത്.മുത്തച്ഛൻ ക്രൂരമായി കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ, തനിക്ക് പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് പെൺകുട്ടി വാശിപിടിച്ചതാണ് പൊലീസിൽ സംശയമുണർത്തിയത്. തുടർന്ന് കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.വീടിനെക്കുറിച്ച് നന്നായി അറിയാവുന്ന ആരുടെയോ സഹായം കൊലപാതികത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചിരിക്കാനുള്ള സാധ്യത തുടക്കത്തിൽത്തന്നെ പൊലീസ് അനുമാനിച്ചിരുന്നു. രാത്രി വീടിന്റെ ശൗചാലയത്തിലെ വെന്റിലേറ്റർ വഴിയാണ് പ്രതികളായ മൂന്ന് വിദ്യാർത്ഥികൾ അകത്തുകടന്നത്. ശിവൻകുട്ടിയുടെ കൈകാലുകൾ കിടക്കവിരികളും മറ്റും ഉപയോഗിച്ച് പിന്നിലേക്ക് കൂട്ടിക്കെട്ടി, വിവസ്ത്രനാക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി വീട്ടിനുള്ളിലാകെ മുളകുപൊടി വിതറുകയും കിടപ്പുമുറിയിലെ അലമാര പൊളിച്ച് ആറ് പവൻ സ്വർണ്ണാഭരണങ്ങളും പണവും കവരുകയും ചെയ്തു.പെൺകുട്ടിക്ക് മുത്തച്ഛനോട് എന്തെങ്കിലും തരത്തിലുള്ള മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൂട്ടുപ്രതികൾ പെൺകുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. പ്രായപൂർത്തിയായ മറ്റാരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ഹരിപ്പാട് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Next Story
Share it