ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം ; പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ 22കാരിയായ മകളെ അപ്പാർട്ട്‌മെന്റിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ മൊഴി പുറത്ത്. ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന 23കാരൻ രാഹുൽ മീണയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് 2.5 ലക്ഷം രൂപ കവർച്ച ചെയ്യുകയും 22കാരിയുടെ ഫിംഗർപ്രിന്റ് ഉപയോഗിച്ച് ബയോമെട്രിക് ഹോം ലോക്കർ തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രതിയുടെ മൊഴിയിൽ പറയുന്നു.
ബുധനാഴ്ചയാണ് കേസിൽ പ്രതി അറസ്റ്റിലായത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പ്രതി വെളിപ്പെടുത്തൽ നടത്തിയത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 22കാരി പ്രതിയുടെ ആക്രമണത്തിൽ അബോധാവസ്ഥയിലായി. തുടർന്ന് പെൺകുട്ടിയെ മേൽക്കൂരയിലെ പഠനമുറിയിൽ നിന്ന് താഴത്തെ നിലയിലേക്ക് പ്രതി വലിച്ചിഴച്ചതായി പൊലീസ് കണ്ടെത്തി. സുരക്ഷിതമായ ലോക്കർ തുറക്കാൻ അവളുടെ വിരലടയാളം ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നതായി പൊലീസ് പറയുന്നു.പെൺകുട്ടിയുടെ വീട്ടിലെ ലോക്കർ ബയോമെട്രിക് സംവിധാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ലോക്കർ ഇരുന്ന മുറിയിലെത്തിച്ച്, അവളുടെ രക്തം പുരണ്ട വിരലുകൾ ഉപയോഗിച്ച് അത് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും മീണ കുറ്റസമ്മതം നടത്തി. തുടർന്ന് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ലോക്കർ ബലമായി തുറന്ന പ്രതി പണവും ആഭരണങ്ങളും കവർന്ന് വീട്ടിൽ തന്നെയുണ്ടായിരുന്ന ഒരു ബാഗിലാക്കി.
ഇതിനുശേഷം പ്രതി മൃതദേഹം തറയിൽ ഉപേക്ഷിച്ചു. തന്റെ പാന്റിലും ഷൂസിലും രക്തക്കറ കണ്ടതിനെത്തുടർന്ന്, ഇരയുടെ സഹോദരന്റെ വസ്ത്രങ്ങളും ചെരിപ്പും ധരിച്ചാണ് ഇയാൾ രക്ഷപ്പെട്ടതെന്നും മൊഴിയിൽ പറയുന്നു. പ്രതിക്ക് ഐആർഎസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മാതാപിതാക്കൾ ജിമ്മിൽ പോകുന്ന സമയവും വീടിന്റെ ഘടനയും പാസ്‌കോഡുകളും ഇയാൾക്ക് അറിയാമായിരുന്നു. മാതാപിതാക്കളുടെ നിർദ്ദേശപ്രകാരം അതിരാവിലെ എഴുന്നേറ്റ് പഠിക്കുകയായിരുന്ന പെൺകുട്ടി ആ സമയം വീട്ടിൽ തനിച്ചായിരുന്നു. എൻജിനിയറിങ് ബിരുദധാരിയായ പെൺകുട്ടി സിവിൽ സർവീസിന് തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം രാവിലെ 6.28-ന് മഞ്ഞ ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് മീണ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ എത്തിയത്. മുമ്പ് അവിടെ ജോലി ചെയ്തിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാൻ ഇയാൾക്ക് കഴിഞ്ഞു. പഠനമുറിയിലെത്തിയ മീണ അവളെ ശ്വാസം മുട്ടിച്ച് കീഴടക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ശക്തമായി എതിർത്തു. തുടർന്ന് അടുത്തുള്ള വിളക്കും മറ്റ് ഭാരമുള്ള വസ്തുക്കളും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും പെൺകുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ബോധരഹിതയായ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബലാത്സംഗം, കൊലപാതകം, കവർച്ച എന്നി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാവിലെ 7.22-ഓടെ വസ്ത്രം മാറി കറുത്ത ബാഗുമായി പ്രതി പുറത്തുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിയോടെ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയും ചിതറിക്കിടക്കുന്ന സാധനങ്ങളും കണ്ടത്. ഡൽഹിയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏപ്രിൽ 21ന് രാജസ്ഥാനിലെ ആൽവാറിൽ വെച്ച് അയൽവാസിയായ ഒരു വിവാഹിതയെയും ഇയാൾ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറയുന്നു. ആൽവാർ സ്വദേശിയായ മീണ എട്ടുമാസത്തോളം ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ആറാഴ്ച മുമ്പാണ് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് ദ്വാരകയിലെ ഒരു ഹോട്ടലിൽ ഇയാൾ ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പഠനത്തിൽ അതീവ മിടുക്കിയായിരുന്ന കൊല്ലപ്പെട്ട പെൺകുട്ടി പന്ത്രണ്ടാം ക്ലാസിൽ അഖിലേന്ത്യാ തലത്തിൽ ടോപ്പറായിരുന്നു.

