കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; 23 ലക്ഷം രൂപ കവര്‍ന്നു

കൊല്ലം: കൊല്ലത്ത് വ്യാപാര സ്ഥാപനത്തിൽ വൻ കവർച്ച. ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്‌റ്റെയിൻസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിൽ നിന്നും 23 ലക്ഷം രൂപയാണ് കവർന്നത്. 20 ലക്ഷം ലോക്കറിൽ നിന്നും, മൂന്നു ലക്ഷം രൂപ ബില്ലിങ് ഡ്രോയിൽ നിന്നുമാണ് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു രണ്ടംഗ സംഘം കവർച്ച നടത്തിയത്.ഡ്രൈ ഫ്രൂട്ട്‌സിന്റെ മൊത്ത വ്യാപാര സ്ഥാപനത്തിലാണ് കവർച്ച. ഞായറാഴ്ച പുലർച്ചെ 12 മണിക്കും 2 മണിക്കും ഇടയ്ക്കാണ് കവർച്ച നടന്നതെന്നാണ് നിഗമനം. മോഷ്ടാക്കൾ മുഖം മറച്ചിരുന്നു. പിപിആ കിറ്റിന് സമാനമായ വസ്തു കൊണ്ട് ശരീരവും മറച്ചിരുന്നു. വിദഗ്ധമായി നടത്തിയ കവർച്ചയായതിനാൽ, പ്രൊഫഷണൽ മോഷണസംഘമാകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തൽ.സ്ഥാപനത്തിന്റെ പിൻവശം കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ സ്ഥാപനത്തിന് അകത്തു കടന്നത്. മോഷ്ടാക്കൾ അകത്തു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച ബാങ്കുകൾ അവധിയിലായിരുന്നതിനാൽ പണം ലോക്കറിൽ സൂക്ഷിക്കുകയായിരുന്നു എന്നാണ് സ്ഥാപന ഉടമ സൂചിപ്പിക്കുന്നത്.

