ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

മലപ്പുറം: ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ പ്രതിയെ 12 വർഷത്തിനു ശേഷം പിടികൂടി .മലപ്പുറം അരീക്കോട് സ്വദേശി വാവൂർ കൂടാംതൊടി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്.ഇയാളെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത് .ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ഭാര്യയേയും മക്കളേയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടു കൊന്നുവെന്നാണ് കേസ്. 7 മാസം ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു. പിന്നാലെ മുങ്ങുകയായിരുന്നു.
2012 ജൂലൈ 21നു രാത്രി രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മുഹമ്മദ് ഷെരീഫ് ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. പെരുന്നാളിനു വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയർ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷെരീഫ് പറഞ്ഞത്. മരിച്ച രണ്ട് വയസുകാരി ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാൾ തന്നെയാണ് സംഭവം പുറത്തറിയിച്ചത്.എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലയാണെന്നു കണ്ടെത്തിയത്. പ്രതി കൃത്യമായി ആസൂത്രണം ചെയ്താണ് ക്രൂരത നടപ്പാക്കിയതെന്നു തെളിഞ്ഞു. ഭാര്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
ഹീനമായ കുറ്റകൃത്യത്തിനു ശേഷം 76ാം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ പ്രതിക്ക് ഏഴ് മാസത്തിനു ശേഷം ജാമ്യം കിട്ടി. പിന്നാലെ 2015 ഏപ്രിൽ 22നു ഇയാൾ മുങ്ങി. പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ല. സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. അതിനിടെയാണ് ബംഗളൂരുവിൽ ഒളിവിൽ കഴിയവേ പ്രതി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

